മണ്ണാര്‍ക്കാട്: പൂക്കാലത്തിന്റെ ചേലണിഞ്ഞുനില്ക്കുകയാണ് കുന്തിപ്പുഴതീരത്തെ പുല്ലൂന്നിഗ്രാമം. സമൃദ്ധിയുടെ കാഴ്ചയായി പച്ചക്കറികളുമുണ്ട്. കുടുംബശ്രീ സി.ഡി. എസിന്റെ നേതൃത്വത്തിലുള്ള ജ്വാല ജെ.എല്‍.ജി. അംഗങ്ങളുടെ അധ്വാനത്തിന് മണ്ണു നല്കിയ സമ്മാനമാണിത്. നാടിന് ഓണമാഘോഷിക്കാന്‍ നടത്തിയ പച്ചക്കറികളുടെ യും പൂക്കളുടെയും കൃഷിയിലെ വിജയവിളവെടുപ്പിലാണ് ഇവര്‍.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വെള്ളപ്പാടം പുല്ലൂന്നിയില്‍ രണ്ടേക്കര്‍ സ്ഥ ലത്താണ് ജെ.എല്‍.ജി. അംഗങ്ങളായ രജിത, ശാന്തകുമാരി, വിജയലക്ഷ്മി, കാര്‍ത്ത്യായ നി എന്നിവര്‍ ചേര്‍ന്ന് കൃഷിയിറക്കിയത്. ഓണക്കനി-നിറപ്പൊലിയെന്ന പേരില്‍ രണ്ട് മാസം മുന്‍പാണ് കൃഷി ആരംഭിച്ചത്. പച്ചക്കറികളാണ് പ്രധാനം. വെണ്ട, പാവയ്ക്ക, പയര്‍, പടവലം, ചുരങ്ങ, കുമ്പളം, കുക്കുമ്പര്‍, ചേന എന്നിവയെല്ലാമുണ്ട്. കൂട്ടത്തിലാണ് പൂക്കൃഷിയും. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി, വയലറ്റ്, വെള്ളനിറത്തിലുള്ള വാടമല്ലിയുമാണ് കൃഷിചെയ്തത്. പാലക്കാട് നിന്നാണ് ഇതിനുള്ള തൈകള്‍ വാങ്ങിയത്. തിങ്കളാഴ്ച മുതല്‍ വിളവെടുപ്പ് തുടങ്ങി. പൂക്കള്‍ വില്‍പ്പനയ്ക്കായി കുമരംപുത്തൂരിലെ നാട്ടുചന്തയിലേക്കും എത്തിക്കുന്നുണ്ടെന്ന് ജെ.എല്‍.ജി. അംഗങ്ങള്‍ അറിയിച്ചു.
വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ലക്ഷ്മിക്കുട്ടി, ഡി.വിജയലക്ഷ്മി, ഹരിദാസന് ആഴ്വാഞ്ചേരി, സെക്രട്ടറി കെ.ശിവപ്രകാശന്‍, സി. ഡി.എസ്. ചെയര്‍പേഴ്സണ്‍ സുനിത, അക്കൗണ്ടന്റ് അഫീല സുല്‍ത്താന, അഗ്രി സി. ആര്.പി. ശ്രീവിദ്യ, ജ്വാല ജെ.എല്‍.ജി. അംഗങ്ങളായ രജിത, ശാന്തകുമാരി, വിജയലക്ഷ്മി, കാര്‍ത്ത്യായനി തുടങ്ങിയവര്‍ പങ്കെടുത്തു.
