പാലക്കാട് : ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രായോഗികപഠനം ലക്ഷ്യമിട്ട് ‘ക്ലാസ്റൂം ആസ് ലാബ്’ പദ്ധതി നടപ്പാക്കുന്നു. സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായാണിത്. മാതൃഭാഷ, ഇംഗ്ലീഷ്, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങളിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വായന പുസ്തകങ്ങള്‍, സംഖ്യ ചക്രങ്ങള്‍, വിവിധതരം മുഖംമൂടികള്‍, അബാക്കസ്, എന്നീ പഠനസാമഗ്രികള്‍ സജ്ജ മാക്കിയാണ് പഠനം സാധ്യമാക്കുന്നത്.അധ്യാപകര്‍ക്ക് പാഠഭാഗങ്ങള്‍ ദൃശ്യവത്കരിച്ച് പഠിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അതുവഴി വിഷയങ്ങളില്‍ കണ്ടറിഞ്ഞുളള അറിവ് ലഭിക്കാനും ഇതുവഴി സാധിക്കും.
ഒന്നാം ഘട്ടമായി സംസ്ഥാനത്തെ നൂറുസര്ക്കാര് വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പി ലാക്കുന്നത്. ജില്ലയിലെ ഏഴ് സ്കൂളുകള്‍ നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗവ.എല്‍.പി.സ്കൂളുകളിലെ രണ്ട് ഡിവിഷന് വീതമുള്ള മൂന്ന്,നാല് ക്ലാസുകളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. പാലക്കാട് ജില്ലയില്‍ അഗളി ജി.എല്‍.പി.സ്കൂളിലാണ് ആദ്യമായി പദ്ധതി ആരംഭിച്ചത്. തുടര്‍ന്ന് ജി.എല്‍.പി.എസ് കഞ്ചിക്കോട്, മുണ്ടൂര്‍, വെങ്ങന്നൂര്‍,നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, വെള്ളിനേഴി എന്നീ സ്കൂളുകളിലും പദ്ധതി ആരംഭിച്ചു. നാല് ക്ലാസ് മുറികളിലായി നാല് വിഷയങ്ങളുടെ ലാബുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.
പഠനോപകരണങ്ങള്‍ കണ്ടറിയാനും, എടുത്തു ഉപയോഗിക്കാനും കഴിയുന്ന രീതിയില്‍ ഒരുക്കി പഠനം കൂടുതല്‍ ആകര്ഷമാക്കുക എന്നതാണ് ലക്ഷ്യം. 50,000 രൂപയാണ് ഓരോ വിദ്യാലയത്തിനും പഠനോപകരണങ്ങള്‍ തയ്യാറാക്കുന്നതിന് അനുവദിച്ചത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രവര്‍ത്തനാധിഷ്ഠിതമായ പഠനം ഒരുക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പഠന സ്ലോട്ടുകള്‍ കണ്ടെത്തുകയും, അതിനാവശ്യമായ പഠനോപകരണങ്ങള്‍ രക്ഷിതാക്കള്‍, കുട്ടികള്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെ നിര്‍മിക്കുകയുമാണ് ചെയ്യുന്നത്.
