മണ്ണാര്‍ക്കാട്: താലൂക്ക് ഗവ. ആശുപത്രിയില്‍ എക്സറേ സംവിധാനം രോഗികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി പുതിയ എക്സറെ മെഷീന് വാങ്ങാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ പഴയ പോര്‍ട്ടബിള്‍ എക്സറെ മെഷീനാണുള്ളത്. ഒരു ടെക്നീഷ്യനുമാണുള്ളത്. ഉച്ചയ്ക്ക് ഒരുമണി വരെമാത്രമാണ് പ്രവര്‍ത്തനസമയം. ഇതിനാല്‍ ഒരു ടെക്നീഷ്യനെകൂടി നിയമിക്കാനും പ്രവര്‍ത്തനസമയം നാലുവരെയാക്കാനും തീരുമാനമായി.
ആശുപത്രിയിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനം 24 മണിക്കൂറും വേണമെന്ന ആവശ്യമുയര്‍ന്നു. ജീവനക്കാരുടെ പരിമിതി മൂലം വൈകിട്ട് ഏഴുവരെ മാത്രമാണ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയ്ക്ക് പുതിയൊരു ആംബുലന്‍സ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് യോഗത്തില്‍ അധ്യക്ഷനായ എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉറപ്പ് നല്കി. നിലവില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ആശുപത്രിയിലുള്ളത്. പുതിയ ആംബുലന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ക്വട്ടേഷന്‍ സമര്‍പ്പിക്കാനും എം.എല്‍.എ. നിര്‍ദേശിച്ചു.
നേത്രരോഗവിഭാഗത്തിലും ചര്മ്മരോഗചികിത്സാ വിഭാഗത്തിലുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യമുയര്‍ന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഡോക്ടര്‍മാരുടെ നിയമനമായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കാഷ്വാലിറ്റിയിലെ രണ്ട് ഡോക്ടര്‍മാരെവെച്ച് ആഴ്ചയില്‍ ഓരോ ദിവസം നേത്ര, ചര്‍മ്മരോഗ വിഭാഗം ഒ.പികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് എം.എല്‍.എ. അറിയിച്ചു.
പുതിയ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനാവശ്യമായ നടപടിക്രമ ങ്ങളെടുക്കാനും നിര്‍ദേശമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് കെട്ടിടത്തിലെ പരിശോധ നകള്ക്കുംമറ്റും നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍, ആശുപത്രി സൂപ്രണ്ട് ഡോ.കെ. കല, ആര്.എം.ഒ. ഡോ. മുഹമ്മദ് റഷീദ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ. ബാലകൃഷ്ണന്, ഇബ്രാഹിം, മറ്റു വിവിധവകുപ്പ് പ്രതിനിധികളും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
