അഗളി: ഭവാനിപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ പ്രദീപ് രാജ് (23), കായല്‍പട്ടണം തൂത്തുക്കുടി സ്വദേശി ഭൂപതി (26) എന്നിവരെയാണ് കാണാതായത്. അഗ്നിരക്ഷാസേനയുടെ തിരച്ചില്‍ നടക്കുന്നതിനിടെ രാവിലെ എട്ടരയോടെ ചീരക്കടവ് ഭാഗത്ത് നിന്നാണ് മൃതദേഹം പ്രദേശവാസികള്‍ കണ്ടത്. വിവരമറിയിച്ചപ്രകാരം സേന അംഗങ്ങളെത്തി മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.
കോയമ്പത്തൂരിലെ സൗരോര്‍ജ്ജ കമ്പനിയിലെ കമ്പനിയിലെ 19പേരോടൊപ്പം അട്ടപ്പാടിയിലേക്ക് വിനോദയാത്രക്കായി എത്തിയതായിരുന്നു പുഴയിലകപ്പെട്ട യുവാക്കള്‍. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഘം നരസിമുക്ക് പരപ്പന്തറ ഭാഗത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടെ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ടു. തുടര്‍ന്ന് ഇന്നലെ വരെ അഗ്നിരക്ഷാസേന, പാലക്കാട്, മലപ്പുറം സ്കൂബാ ടീം, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, അഗളി, പൂതൂര്‍ പൊലിസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ ആറരയോടെയാണ് മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ചീരക്കടവിന്റെ മറ്റൊരു ഭാഗത്ത് തിരച്ചില്‍ പുനരാരംഭിച്ചത്. ഇതിനിടെയാണ് മൃതദേഹം കണ്ടതായി അറിയിപ്പുലഭിച്ചത്. പരപ്പന്തറയില് നിന്നും മൂന്ന് കിലോമീറ്ററോളം മാറിയാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തീരത്തനടുത്തും മറ്റൊളുടേത് പുഴയോരത്ത് മുള്പ്പടര്പ്പുകളുള്ള ഭാഗത്തുമായാണ് കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേന അംഗങ്ങള്‍ മൃതദേഹം പുറത്തെടുത്തു. അഗളി പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാനും സ്ഥലത്തെത്തിയിരുന്നു.