മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ തത്തേങ്ങലത്ത് മേയാന്‍വിട്ട ആടിനെ വന്യജീവി പിടികൂടി. മറ്റൊരാടിനെ കടിച്ചുകൊണ്ടുപോയി. പുത്തന്‍പുരക്കല്‍ അബ്ബാസിന്റെ ആടാണ് നഷ്ടമായത്. ആടിനെ കടിച്ചുകൊണ്ടുപോയത് കടുവയാണെന്നും താന്‍ ഭാഗ്യ വശാലാണ് രക്ഷപ്പെട്ടതെന്നും അബ്ബാസ് പറഞ്ഞു. വന്യജീവി വളര്‍ത്തുമൃഗത്തെ ആ ക്രമിച്ചതോടെ തത്തേങ്ങലം നിവാസികള്‍ ഭീതിയിലാണ്. ഇന്ന വൈകീട്ട് മൂന്ന് മണി യോടുകൂടിയാണ് സംഭവം.
വീടിനു സമീപത്തുനിന്നും കുറച്ചുമാറി വനാതിര്‍ത്തിയിലുള്ള റോഡരികിലായി ആടിനെ മേക്കുകയായിരുന്നു അബ്ബാസ്. രണ്ട് ആടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഈ സമയം കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നും എത്തിയ കടുവ ആടുകളെ ആക്രമിക്കു കയായിരുന്നു. ആക്രമണത്തില്‍ ഒരു ആടിന്റെ ദേഹത്ത് കടുവയുടെ നഖംകൊണ്ട് മുറിവേറ്റു. മറ്റൊരു ആടിനെ ഇദ്ദേഹത്തിന്റെ കണ്മുന്നില്വെച്ചുതന്നെ കടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് ആര്.ആര്.ടിയുടെ നേതൃത്വത്തില്‍ വനപാല കരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും വന്യമൃഗത്തേയോ ആടിനെയോ കണ്ടെത്താനായില്ല. ഇതിന് മുന്‍പും മൂന്നിലധികംതവണ കടുവയെ ഈ ഭാഗത്ത് കണ്ടിട്ടുണ്ടെന്നും എന്നാല്‍ വളര്‍ത്തുമൃഗത്തെ കടുവ പിടികൂടുന്നത് ആദ്യമാണെന്നും നാട്ടുകാര്‍ പറയുന്നു.
