പാലക്കാട് : ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്. ജില്ലയില്‍ നടന്ന പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന മുദ്രവാക്യവുമായി സംസ്ഥാനത്തെ ഭൂരഹിതരെ ഭൂവുടമകകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് റവന്യൂ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം സംസ്ഥാനത്ത് 4,90000 ത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഭൂരഹിതായവര്ക്ക് അര്‍ഹതപ്പെട്ട ഭൂമി ലഭിക്കാന്‍ ചട്ടങ്ങള്‍ മാറ്റേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും. പട്ടയം ലഭിക്കുന്നതിനുള്ള വരുമാന പരിധി രണ്ടര ലക്ഷമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഓരോ കുടുംബങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിക്കാനുള്ള ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് പകരമായി 14 ഓളം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചിപ്പ് ഘടിപ്പിച്ച ഡിജിറ്റല്‍ റവന്യു കാര്‍ഡ് വിതരണം നവംബറോടെ തുടങ്ങുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
1756 പട്ടയങ്ങളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി പട്ടയമേളയില്‍ വിതരണം ചെയ്തത്. ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ 263 പട്ടയങ്ങളും തരൂരില്‍ 322, ചിറ്റൂരില്‍ 63, നെന്മാറയില് 90, പാലക്കാട് 98, മലമ്പുഴയില്‍ 84, കോങ്ങാട് 249, ഒറ്റപ്പാലം 343, ഷൊര്‍ണ്ണൂരില്‍ 140, പട്ടാമ്പിയില്‍ 104, എന്നിങ്ങനെയാണ് വിതരണം ചെയ്തത്. മണ്ണാര്‍ക്കാട് 459 പട്ടയങ്ങളും തൃത്താലയില്‍ 194 പട്ടയങ്ങളും പിന്നീട് വിതരണം ചെയ്യും. ജില്ലയില്‍ 2021 മുതല്‍ 2025 വരെ 53,524 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്.
കോങ്ങാട് നിയോജകമണ്ഡലത്തില്‍ കരിമ്പ എച്ച്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ കെ.ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമചന്ദ്രന്, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലത, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജിത്ത്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സജീദ്, കരിമ്പ ഗ്രാമപഞ്ചായത്ത് അംഗം റംലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ചിറ്റൂര്‍, നെന്മാറ നിയോജകമണ്ഡലത്തില്‍ പട്ടയമേളയും കൊല്ലങ്കോട്-1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ. ബാബു എം.എല്‍.എ അധ്യക്ഷനായി. റീജിയണല്‍ എഞ്ചിനീയര്‍ എം.ഗിരീഷ് പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റീ – ബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊല്ലങ്കോട്-1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ചിന്നക്കുട്ടന്‍, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാല്‍, അയിലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സത്യഭാമ ചന്ദ്രന്, ജില്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ. മണികണ്ഠന്, തഹസില്‍ദാര്‍ എം.പി ആനന്ദകുമാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അലത്തൂര് മണ്ഡല പട്ടയ മേളയില്‍ കെ.ഡി പ്രേസേനന് എം.എല്‍.എ അധ്യക്ഷനായി. എ.ഡി.എം കെ. സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രജനി ബാബു, സി.ലീലാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഭാര്ഗവന്, മിനി നാരായണന്,കെ.എല്‍ രമേഷ്, എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, ആലത്തൂര്‍ തഹസില്‍ദാര്‍ കെ.ശരവണന് എന്നിവര്‍ പങ്കെടുത്തു.
തരൂര്‍ മണ്ഡലത്തിലെ പട്ടയ മേള വടക്കഞ്ചേരി ഇ. എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പി.പി സുമോദ് എം.എല്‍.എ (ഓണ്‍ലൈന്‍) അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രജനി ബാബു, ടി.കെ ദേവദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സുരേഷ്, എം. സുമതി, ഐ. ഹസീന, ഇ. രമണി, കെ. എം കേരള കുമാരി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുമിത ഷെഹീര്‍, ആലത്തൂര്‍ തഹസില്‍ദാര്‍ കെ.ശരവണന് എന്നിവര്‍ പങ്കെടുത്തു.
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പട്ടയമേള ചെര്‍പ്പുളശ്ശേരി നഗരസഭാ ഹാളില്‍ നടന്നു. പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. അനങ്ങനടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പരമേശ്വരന്, ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കമലം, വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ, ഡെപ്യൂട്ടി കലക്ടര്‍ സക്കീര്‍ ഹുസൈന്, ഭൂരേഖ തഹസില്‍ദാര്‍ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പട്ടാമ്പി നിയോജമണ്ഡലത്തിലെ പട്ടയമേള പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഒ.ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ഉണ്ണികൃഷ്ണന്, എ.ആനന്ദവല്ലി, ഡെപ്യൂട്ടി കളക്ടര്‍ ബിന്ദു, തഹസില്‍ദാര്‍ ടി.പി കിഷോര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ പട്ടയമേള പാലക്കാട് യാക്കര സുമംഗലി കല്യാണ മണ്ഡപത്തില്‍ നടന്നു. എ. പ്രഭാകരന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്, പാലക്കാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ടി. കുമാരന്, ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ.എന്‍.എച്ച്) കെ.എ ജോസഫ് സ്റ്റീഫന്‍ റോബി, പാലക്കാട് തഹസില്‍ദാര്‍ എന്‍ മുഹമ്മദ് റാഫി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഒറ്റപ്പാലം മണ്ഡലതല പട്ടയമേളയില്‍ അഡ്വ. കെ പ്രേംകുമാര്‍ എം എല്‍ എ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
