മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് യാത്രക്കാരുമായി വരികയായി രുന്ന കെ.എസ്.ആര്.ടി.സി. ബസ് തെങ്കര റോഡിലെ കുഴിയില്‍പെട്ട് ഒരുവശത്തേക്ക് ചരിഞ്ഞു. ഭാഗ്യവശാല്‍ വലിയ അപകടങ്ങളുണ്ടായില്ല. അതേസമയം യാത്രക്കാര്‍ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീണ് 82കാരിക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ഇന്ന് രാവിലെ 11 മണിയോടെ യായിരുന്നു സംഭവം. ആനക്കട്ടിയില്‍ നിന്നും രാവിലെ ഒന്‍പതിന് പുറപ്പെട്ട് 11.15ഓടെ മണ്ണാര്ക്കാടെത്തിച്ചേരുന്ന സര്‍വീസായിരുന്നു ഇത്. ബസില്‍ നിറയെ യാത്രക്കാരു ണ്ടായിരുന്നു. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ റോഡിലൂടെ ബസ് വരുന്നതിനിടെ ചിറപ്പാടം ഭാഗത്തെ കുഴിയിലാണ് കുടുങ്ങിയത്. റോഡരുകിലൂടെ നീങ്ങിയബസ് വെള്ളംകെട്ടിനിന്ന കുഴിയില്‍പെട്ട് ഇടതുഭാഗത്തേക്ക് ചരിഞ്ഞു. ഇതോടെ അപകടം ഒഴിവാക്കാനായി യാത്രക്കാരെ പുറത്തിറക്കി. ഈതിരക്കിനിടയിലാണ് പുഞ്ചക്കോട്ടേക്ക് ടിക്കറ്റെടുത്തിരുന്ന യാത്രക്കാരി വീണത്. ഇവരെ ജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിലെ ത്തിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ബസ് ചരിഞ്ഞതോടെ യാത്രക്കാരെ ഇറക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കുഴിയില്‍ നിന്നും ബസ് പുറത്തെടുത്ത് അല്പദൂരം നീക്കിയശേഷം ഇതേ ബസില്‍ തന്നെ യാത്രക്കാരു മായി മണ്ണാര്‍ക്കാട്ടേക്ക് യാത്രതുടരുകയും ചെയ്തു.
