പാലക്കാട് : പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍ സ്പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം പാലക്കാടും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ബി ഗ്ബസാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ റാബിസ് അവബോധ മാസികയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. ബോധവത്ക്കരണ ലഘുലേഖ വിതരണവും നടത്തി. മൃഗങ്ങളുടെ കടിയോ, മാന്തലോ പോറലോ ഏറ്റാല്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണം നടത്തി.
ബിഗ് ബസാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ലേഖ ഗോവിന്ദന് അധ്യക്ഷയായി. ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഡി.ഇ.ഒ ആസിഫ് അലിയാര് പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എസ്. സയന, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്, അധ്യാപകന് അര്‍ഷദ് തുടങ്ങിയവര്‍ സംസാരിച്ചു.
