അലനല്ലൂര്‍: വാടക കെട്ടിട ഉടമയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ ന്ന് മുറി വിട്ടിറങ്ങിയ അതിഥി തൊഴിലാളികളെ പോലീസെത്തി തിരികെ കയറ്റി.വെള്ളിയാഴ്ച്ച രാവിലെ അലനല്ലൂര്‍ ആശുപത്രി പ്പടിക്ക് സമീപമാണ് സംഭവം. ഒരു മുറിയില്‍ മൂന്ന് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരോട് ആളുകള്‍ കുറവുള്ള മറ്റു മുറികളിലേക്ക് മാറാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടതോടെ കഴിയില്ലെന്ന് പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞ് സാധന സാമഗ്രികള്‍ എടുത്ത് ആറുപേര്‍ റോഡിലേക്കി സംഘടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതോടെ നാട്ടുകല്‍ എസ്.ഐ അനില്‍മാത്യൂവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തിരികെ കയറ്റുകയായിരുന്നു. രണ്ടു മാസത്തെ വാടക ഒഴിവാക്കി നല്‍കിയ ഉടമ വൈദ്യുതി ബില്ല് കുറക്കുന്നതിന്റെ ഭാഗമായാണ് മുറികളില്‍ ക്രമീകരണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. ഈ കെട്ടിടത്തില്‍ ആകെയുള്ള 34 അതിഥി തൊഴിലാളികളില്‍ ആറ് പേര്‍ ഒഴികെയുള്ളവരെല്ലാം ഉടമസ്ഥനെ നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായിരുന്നു. പൊലീസ് കെട്ടിട ഉടമയുടെ ആവശ്യപ്രകാരം ഒരു മുറിയില്‍ നാലുപേര്‍ വീതവും, സഹകരിക്കാതെ പ്രശ്‌നമുണ്ടാക്കിയ മൂന്ന് പേരെയും ഒരേ മുറിയില്‍ താമസിപ്പിച്ചു. ഈ മൂന്ന് പേര്‍ മുമ്പും നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നതായി പറയപ്പെടുന്നു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യം ഉണ്ടായാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അതിഥിതൊഴിലാളികള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.