മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു. പള്ളിക്കുന്ന് സ്വദേശിയായ യുവാവിന്റെ കൈക്ക് നിസാര പരിക്കേറ്റു. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇന്ന് രാവിലെ 8.30ന് കുമരംപുത്തൂര്‍ ചുങ്കം ജംങ്ഷന് സമീപം സ്കൂള്‍പ ടിയിലായിരുന്നു സംഭവം. ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നാണ് ബൈക്ക് റോഡരുകില്‍ നിര്‍ത്തിയിട്ടത്. സമീപത്തുള്ള പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയെത്തി ബൈക്കിന്റെ ടാങ്കിലേക്ക് ഒഴുക്കുന്നതിനിടയിലാണ് അഗ്നിബാധ ഉണ്ടായതെന്നാണ് അഗ്നിരക്ഷാസേനയില്‍ നിന്നും ലഭ്യമാകുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അഗ്നിരക്ഷാനിലയത്തില്‍ അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ എസ്.വിമല്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ വി.സുരേഷ്കുമാര്‍, ഒ.എസ് സുഭാഷ്, രാമകൃഷ്ണന്, എം.ആര് രാഗില്‍ എന്നിവരെത്തിയാണ് തീയണച്ചത്. സേനയുടെ സമയോചിത ഇടപെടലിലൂടെ ഇരുചക്രവാഹനത്തിന് വലിയനാശനഷ്ട മുണ്ടാകുന്നത് ഒഴിവായി.
