മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട് : വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തൊടുകാപ്പുകുന്ന്, ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ശിരു വാണിയിലെ ഇഞ്ചിക്കുന്നിലും കേരളമേടിലും സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ശൗചാ ലയങ്ങള്‍ നിര്‍മിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ആദിവാസി ഉന്നതികളിലുള്ള വര്‍്ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ നടത്തും. ഉന്നതികളില്‍ ശൗചാലയങ്ങളില്ലാത്തവര്ക്ക് പുതിയത് നിര്‍മിച്ചുനല്‍കാനും യോഗം തീരുമാനിച്ചു.
ചെറുകിട വനവിഭവ ശേഖരണ വനാമൃതം പദ്ധതിയുടെ നാലാംഘട്ട കരാറും ഒപ്പു വെച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്കാണ് ഒരുവര്‍ഷത്തേക്ക് കരാര്‍ നല്‍കിയത്. കഴിഞ്ഞ മൂന്നുഘട്ടങ്ങളിലായി 70,416 കിലോ വനവിഭവങ്ങളാണ് വില്‍പ്പന നടത്തിയത്. ഓരില, മൂവില, കുറുന്തോട്ടി, ചുണ്ട, തിപ്പിലി തുടങ്ങിയ ഔഷധസസ്യങ്ങളാണ് വന സംരക്ഷണസമിതികള്മുഖേന ശേഖരിക്കുകയും തുടര്‍ന്ന് ഡിവിഷനുകീഴിലുള്ള സംസ്കരണ യൂണിറ്റുകളിലെത്തിച്ച ശേഷമാണ് ഔഷധകമ്പനികളിലേക്ക് കയറ്റി വിടുകയുമാണ് ചെയ്യുന്നത്. ലാഭവിഹിതവും വനസംരക്ഷണസമിതികള്‍ മുഖേന കൈമാറും. വനവികസന ഏജന്‍സിക്കുകീഴില്‍ 18 വനംസംരക്ഷണ സമിതികളാ ണുള്ളത്. ഇതില്‍ ഭൂരിപക്ഷവും അട്ടപ്പാടി മേഖലയിലാണ്.
മണ്ണാര്‍ക്കാട് വനംഡിവിഷനിലെ ശര്‍മിള ജയറാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദന്, ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫ്, റേഞ്ച് ഓഫിസര്‍മാരായ എന്‍. സുബൈര്‍, സഫീര്‍, ഡിവിഷന് കോര്‍ഡിനേറ്റര്‍ ഫിറോസ് വട്ടത്തൊടി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആര്യവൈദ്യശാല പ്രതിനിധികളായ ഡോ. കെ.കെ. ശൈലജ, ഡോ. ഗോപാലകൃഷ്ണന് എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു.മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
