മണ്ണാര്‍ക്കാട് : കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 64.1 കിലോ ചന്ദനം മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് കല്ലംതൊടി വീട്ടില്‍ മുഹമ്മദ് നിസാര്‍ (30) ആണ് അറസ്റ്റിലായത്. സി.ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ബംഗ്ലാവുംകുന്ന്-പള്ളിക്കുന്ന് റോഡ് ജംങ്ഷനില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ചന്ദനക്കടത്ത് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 12.35ഓടെയായിരുന്നു സംഭവം. വാഹനത്തിന്റെ ഏറ്റവും പിറകിലുള്ള സീറ്റിന്റെ പ്ലാറ്റ്ഫോമിന് അടിയില്‍ പ്രത്യേകം തയാറാക്കിയ അറയിലാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. ഇതു മറയൂരില്‍ നിന്നാണ് കൊണ്ടുവന്നതെന്നും കാറില്‍ നിന്നും ഇറങ്ങിയോടിയത് പള്ളിക്കുന്നിലുള്ള ജാസിര്‍ ആണെന്നുമാണ് അറസ്റ്റിലായ നിസാര്‍ പറഞ്ഞതെന്ന് പൊലിസ് പറയുന്നു. കാറും ഇതിലുണ്ടായിരുന്ന ചന്ദനമരക്കഷ്ണങ്ങളും ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ. അബ്ദുള്‍ നാസര്‍,പ്രൊബേഷണറി എസ്.ഐ. ജസ് വിന് ജോയ്, പൊലിസുകാരായ ഹേമന്ദ്, രമേഷ് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
