മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാനപാതയില്‍ തെങ്കരമുതല് ആനമൂളിവരെയുള്ള പ്രവൃത്തികള്‍ നിലച്ചു. പൊളിച്ചിട്ട റോഡിലൂടെയുള്ള വാഹനഗതാഗതം ഇതോടെ കൂടുതല്‍ ദുഷ്കരമായി. കലുങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കല്‍, വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കല്‍, മരങ്ങള്‍ മുറിച്ചുനീക്കല്‍ എന്നിവയും പൂര്‍ത്തിയാക്കാനുണ്ട്. റോഡ് നിരപ്പാക്കാനായി പഴയ ടാര്‍ റോഡ് പൊളിച്ചിട്ട സ്ഥലത്തും മണ്ണിട്ടുനികത്തിയ ഭാഗങ്ങളിലും പൊടിശല്യവും വര്‍ധിച്ചിരിക്കുകയാണ്.
കെആര്‍എഫ്ബിയുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ കമ്പനിയാണ് നെല്ലിപ്പുഴമുതല്‍ ആനമൂളിവരെയുള്ള പ്രവൃത്തികള്‍ നടത്തിവരുന്നത്. എട്ടുകിലോമീറ്ററാണ് ആകെയുള്ള ദൂരം. ഇതില്‍ നെല്ലിപ്പുഴമുതല്‍ തെങ്കരവരെയുള്ള നാല് കിലോമീറ്റര്‍ദൂരം ആഴ്ചകള്‍ക്ക് മുന്‍പാണ് ആദ്യഘട്ട ടാറിങ് പൂര്‍ത്തിയാക്കിയത്. പലതവണ തുടങ്ങിയും നിലച്ചും നീണ്ടുപോയ പ്രവൃത്തികള്‍ ജനകീയ പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. ഇതോടെയാണ് കരാര്‍ കമ്പനി ടാറിങ് വേഗത്തിലാക്കിയത്. തുടര്‍ നിര്‍മാണപ്രവൃത്തികളുടെ ഭാഗമായി തെങ്കര മുതല്‍ കുറച്ചുദൂരം റോഡ് പൊളിച്ചിടുകയും ചെയ്തു. എന്നാല്‍, മൂന്നാഴ്ചയായി യാതൊരു പ്രവൃത്തിയും നടന്നിട്ടില്ല. മാര്‍ച്ചില്‍ അവസാനിച്ച കരാര്‍ കാലാവധി വീണ്ടും നീട്ടിനല്കിയതായാണ് വിവരം. ചില സാങ്കേതികമായ കാരണങ്ങളാലാണ് പ്രവൃത്തി തടസപ്പെടാന്‍ കാരണമെന്നും എത്രയും വേഗം നിര്‍മാണപ്രവൃത്തികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്‍.ഷംസുദ്ദീന് എംഎല്‍എ പറഞ്ഞു. ഇതുപ്രകാരം ഒരാഴ്ച്ചയ്ക്കകം പ്രവൃത്തികള്‍ തുടങ്ങാനാകുമെന്നാണ് കമ്പനി പ്രതിനിധികള്‍ അറിയിച്ചിട്ടുള്ളതെന്നും എംഎല്‍എ അറിയിച്ചു.
നിലവില്‍ മൂന്നരകിലോമീറ്റര്ദൂരമാണ് ടാറിങ് ചെയ്യാനുള്ളത്. എട്ടുകിലോമീറ്റര്ദൂരത്തിലെ 39 കലുങ്കുകളില്‍ 29 എണ്ണവും പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശേഷിക്കുന്നവ പെട്ടെന്ന് പൂര്ത്തിയാക്കാനുള്ളതേയുള്ളു. തെങ്കര മുതല്‍ ആനമൂളിവരെ റോഡരികിലെ മരങ്ങളും മുറിച്ചുനീക്കേണ്ടതുണ്ട്. 200ലധികം മരങ്ങളാണുള്ളത്. കഴിഞ്ഞദിവസം ഇതിന്റെ ലേലനടപടികള്‍ പൂര്‍ത്തിയായിട്ടുള്ളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനമൂളിഭാഗത്തുള്ള 11 കെവി എച്ച്ടി ലൈനിന്റെ തൂണുകള്‍ മാറ്റുന്നതിനുള്ള നടപടികളും പൂര്‍ത്തിയാകേണ്ടതുണ്ട്. ആദ്യഘട്ടത്തിലെ നാലുകിലോമീറ്റര്ദൂരം സുഗമമായ യാത്രയാണെങ്കിലും ബാക്കിദൂരം പൊടിശ്വസിച്ചും കുഴികളില്‍ ചാടിയും യാത്രാക്ലേശമനുഭവിക്കുകയാണ് വാഹനയാത്രക്കാര്‍. പൊടിശല്യം അമര്‍ച്ച ചെയ്യാന്‍ ടാങ്കറുകളിലൂടെയുള്ള വെള്ളംനനയ്ക്കല് മുടങ്ങിയതും ദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്.
