പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും പാലക്കാട് ജില്ലയില്‍ നിയന്ത്രങ്ങള്‍ തുടരേണ്ടി വരുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ജില്ലയിലേക്ക് കടക്കാന്‍ പാലക്കാടുള്ളത്ര ഊടു വഴികള്‍ കേരളത്തില്‍ മറ്റെവിടെയുമില്ല. ഇത്തരത്തില്‍ വരുന്നവരെ കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു വരുന്നുണ്ട്. എന്നിരുന്നാലും കോയമ്പത്തൂര്‍, സേലം, ഈറോഡ് മേഖലയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും തൃശൂര്‍, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ ഹോട്ട് സ്പോട്ട് ഗണത്തില്‍പ്പെട്ട തും പാലക്കാട് ജില്ലയിലെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ പിന്‍വലി ച്ചാലും ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് സാധ്യത യെന്ന് ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ ഹോം ക്വാറന്റൈനീല്‍ ഉള്ളവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ജാഗ്രത കര്‍ശനമായി തുടരണമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ നാല് വ്യക്തികളുടെയും രണ്ടാമത് സാമ്പിളും പോസിറ്റീവാണ്. ഒരാളുടെ സാമ്പിള്‍ കഴിഞ്ഞദിവസം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പേരുടെ അടുത്ത സാമ്പിളുകള്‍ നാളെയും (ഏപ്രില്‍ ഏഴ്) ഒമ്പതിനുമായി പരിശോധനയ്ക്ക് നല്‍കും. ഇതില്‍ ആറുപേര്‍ ദുബായില്‍ നിന്നും അഞ്ച് വിമാനങ്ങളിലായി വന്നവരാണ്. ഇതിലെ 62 സഹയാത്രകര്‍ നിലവില്‍ നിരീക്ഷണ ത്തില്‍ കഴിയുന്നുണ്ട്. ഏറ്റവും അവസാനം രോഗം സ്ഥിരീകരിച്ച വ്യക്തി നാഗ്പൂരില്‍ നിന്ന്് പാലക്കാട് എത്തിയത് മുതല്‍ നിരീക്ഷ ണത്തില്‍ തന്നെയായത് ആശങ്ക കുറച്ചതായും മന്ത്രി അറിയിച്ചു.
ആദിവാസി മേഖലയില്‍ ഭക്ഷണത്തിന് ക്ഷാമമില്ല
60 വയസ്സ് തികഞ്ഞവര്‍ക്ക് പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന പ്രത്യേക കിറ്റുകള്‍ 4554 പേര്‍ക്ക് നല്‍കിയതായും ബാക്കി 508 കിറ്റുകള്‍ ഉടനെ വിതരണം ചെയ്ത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ ആദിവാസി മേഖലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, മറ്റു ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കുമായി പ്രഖ്യാപിച്ച ജനറല്‍ കിറ്റും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിക്കും. ഈ സാഹചര്യത്തില്‍ യാതൊരു തരത്തിലുള്ള ഭക്ഷണക്ഷാമവും ആദിവാസി മേഖലയില്‍ ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. കൂടാതെ ട്രൈബല്‍ മേഖലയില്‍ പൊലീസ്, എക്‌സൈസ് പരിശോധന നടത്തിവരുന്നതായും കൃത്യമായ ബോധവത്ക്കരണം നല്‍കുന്നതായും മന്ത്രി അറിയിച്ചു.
എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്തത് 404 കേസുകള്‍
സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 404 കേസുകളാണെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആകെ 1776 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1366 പ്രതികളാണുള്ളത്. 890 വാഹനങ്ങള്‍ ഇതുവരെ പിടിച്ചെടുത്തു. ഇതിന് പുറമെ എക്‌സൈസ് വകുപ്പ് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ സാമൂഹിക അകലം പാലിക്കുന്ന പ്രധാനമാണ്. അതിനാല്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് ഫലപ്രദമായ സൗകര്യം
ജില്ലയിലെ 24000 ഓളം വരുന്ന അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപടി സ്വീകരിച്ചതായും 500 ഓളം തൊഴിലുടമകളുടെ കീഴിലും സര്‍ക്കാരിന്റെ ക്യാമ്പുകളിലുമായി ഇവര്‍ സുരക്ഷിതരാണെന്നും മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.