പാലക്കാട്:കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ പട്ടികവർഗ കോളനി കളിൽ പഴുതടച്ച് നടത്താൻ വകുപ്പ് ഉദ്യോഗസ്ഥരും പ്രമോട്ടർമാരും ശ്രദ്ധിക്കണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ ബാലൻ നിർദ്ദേശിച്ചു. പട്ടികവർഗ മേഖലയിലെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങളിൽ 60 വയസിനു മുകളിൽ പ്രായമുള്ള 4584 പേർക്ക് പ്രത്യേക പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മറ്റ് സഹായങ്ങളും ലഭ്യമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിച്ചിരുന്ന, പാലക്കാട് ജില്ലയിലെ വിദ്യാർഥികളടക്കം 621 പേർ ജില്ലയിലെ വിവിധ പട്ടികവർഗ കോളനികളിൽ ഹോം ക്വാറൻ്റെയ്നിലുണ്ട്. ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പട്ടികവർഗ കോളനികളിലേക്ക് ആരോഗ്യ പ്രവർത്തകരും വകുപ്പിലെ ഉദ്യോഗസ്ഥരുമൊഴികെ പുറത്തു നിന്നുള്ളവർ ഇപ്പോൾ പോകരുത്. പട്ടികവർഗ കോളനികളിൽ നിന്ന് ആരും പുറത്തു പോവുകയുമരുത്.
പട്ടികവർഗ കോളനികൾ ഓരോന്നും ഊരുകളിലെ ഓരോ വീടും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ആശുപത്രിയിലെത്തിക്കണം. ഭക്ഷണം, വൈദ്യസഹായം, ലോക്ക് ഡൗണിൽ പാലിക്കേണ്ട കാര്യങ്ങൾ എന്നിവ നന്നായി ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാർ, പട്ടികവർഗ വികസന വകുപ്പിലെ ജീവനക്കാർ, പ്രൊമോട്ടർമാരടക്കമുള്ള വളണ്ടിയർമാർ എന്നിവർ കൂട്ടായ പ്രവർത്തനം ഈ ഘട്ടത്തിൽ നടത്തണം.
മദ്യത്തിൻ്റെ വിൽപ്പന നിർത്തിവച്ചിരിക്കയാണ്. കള്ളവാറ്റ്, മയക്കുമരുന്ന് വ്യാപനം എന്നിവക്കെതിരെ ശക്തമായ നിലപാട് പട്ടികവർഗ കോളനികളിൽ ഉണ്ടാകണം. ഇക്കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിക്കുകയെന്ന് പൊലീസും എക്സൈസ് വകുപ്പും അറിയിച്ചിട്ടുമുണ്ട്.