മാസങ്ങളായി നേരിടുന്ന യാത്രാപ്രയാസങ്ങള്‍ അവസാനിക്കുന്നതിന്റെ ആശ്വാസത്തില്‍ ഉദ്യോഗസ്ഥര്‍
മണ്ണാര്‍ക്കാട് : ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വാഹനമില്ലാതെ കഴിഞ്ഞ എട്ടുമാസക്കാലത്തോളം മണ്ണാര്‍ക്കാട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാകുന്നു. സബ് ആര്‍.ടി. ഓഫിസിന് പുതിയ വാഹനം അനുവദിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിറങ്ങി. മോട്ടോര്‍ വാഹന വകുപ്പ് പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് പുതുതായി വാങ്ങിയ 20 മഹീന്ദ്രാ ബൊലെറോ വാഹനങ്ങ ളില്‍ ഒന്നാണ് മണ്ണാര്‍ക്കാടിനും അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.
ഓഫിസിന് വാഹനമില്ലാതിരുന്നത് ഉദ്യോഗസ്ഥരെ വലച്ചിരുന്നു. മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി വരെ നീളുന്നതാണ് പ്രവര്‍ത്തന പരിധി. മണ്ണാര്‍ക്കാടിന് പുറമെ കല്ലടിക്കോട്, നാട്ടുകല്‍, ഷോളയൂര്‍, പുതൂര്‍, അഗളി തുടങ്ങിയ ഭാഗങ്ങളെല്ലാം സബ് ആര്‍.ടി. ഓഫി സിന്റെ കീഴിലാണ് വരുന്നത്. വാഹനാപകടങ്ങള്‍ നടന്നസ്ഥലങ്ങളിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വാഹന പരിശോധന തുടങ്ങിയ ഫീല്‍ഡ് ജോലികള്‍ക്കെല്ലാം യാത്ര ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബസ്, ഓട്ടോറിക്ഷ പോലെയുള്ള സമാന്തര സര്‍വീസുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. അട്ടപ്പാടി പോലെയുള്ള ദൂരസ്ഥലങ്ങളിലേക്ക് ബസ് തന്നെയായിരുന്നു പ്രധാന ആശ്രയം. ആഴ്ചയിലൊരിക്കല്‍ ജില്ലാ ഓഫിസില്‍ നിന്നും വാഹനം വിട്ടുനല്‍കിയതു മാത്രമായിരുന്നു ചെറിയ ആശ്വാസം.
ഓഫിസിലുണ്ടായിരുന്ന വാഹനം 15 വര്‍ഷകാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിര്‍ത്തിയിട്ടത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29നാണ് ആ വാഹനത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞത്. പിന്നീട് പുതിയ വാഹനം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. നിരന്തര ശ്രമങ്ങള്‍ക്കൊടു വിലാണ് ഇപ്പോള്‍ വാഹനം ലഭിച്ചിരിക്കുന്നത്. ഇതു കൈപ്പറ്റാന്‍ ഓഫിസ് മേലധികാരി ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും വാഹനത്തിന്റെ രേഖകള്‍ സഹിതം കൈപ്പറ്റിയ ശേഷം വിവരം അറിയിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു.
വാഹനത്തിന്റെയും അറ്റകുറ്റപണിയുടേയും പരിപാലനത്തിന്റെയും ഉത്തരവാദിത്തം ഓഫിസിലെ സീനിയര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും. വാഹന ത്തിന്റെ പ്രത്യേക ഹിസ്റ്ററി രജിസ്റ്റര്‍ സൂക്ഷിക്കുക, മൈലേജ് പരിശോധന എല്ലാ വര്‍ഷ വും മുടങ്ങാതെ നടത്തുക, ലോഗ് ബുക്കില്‍ രേഖപ്പെടുത്തുക, വാഹനരേഖകള്‍ വീല്‍സ് സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണ മെന്നും ഉത്തരവില്‍ പറയുന്നു. പുതിയ വാഹനം അടുത്ത ദിവസം മണ്ണാര്‍ക്കാട്ടേക്ക് എത്തിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു.