കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പനയംപാടം ജങ്ഷന് ഇപ്പോ ഴും നാടിന്റെ വിങ്ങലാണ്. ആ വേദനയ്ക്ക് വെള്ളിയാഴ്ച ഒരുവര്ഷംതിക ഞ്ഞു.നാല് വിദ്യാര്‍ഥികള്‍ ഒരേസമയം വാഹനദുരന്തത്തില്‍ മരിച്ചതിന്റെയും അധികൃതരുടെ അനാസ്ഥയുടെയും സ്മാരകമാണിവിടം. ഇപ്പോഴും പതിവായി ഇതിലൂടെ നടന്നുപോ കുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ സഹപാഠികള്‍ വാഹനത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ഭാഗത്തേക്ക് അറിയാതെ നോക്കിപോകും. അന്ന് വാഹനം മറിഞ്ഞ അഴുക്കുചാല്‍ ഇപ്പോഴിവിടെയില്ല. മണ്ണിട്ട് നികത്തിയ സ്ഥലത്ത് വീതികൂട്ടി കട്ടപതിപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുകയാണ്.നാടിനെ നടുക്കിയ അപകടം 2024 ഡിസംബര്‍ 12നായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹൈസ്കൂളിലെ സ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥികളായിരുന്ന നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്, ആയിഷ എന്നിവര്‍. റോഡ് വളവില്‍നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിനടിയില്‍പെട്ട നാലുപേരും മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി ഓടിമാറിയതിനാല്‍ രക്ഷപെട്ടു. രക്ഷാപ്രവര്‍ത്തനത്തിന്റെ തിരക്ക്. ഉറ്റവരുടെ വിലാപങ്ങള്‍, ആംബുന്സുകളുടെ ചീറിപ്പായല്‍, ഗതാഗതതടസം, പ്രതിഷേധം എല്ലാത്തിനും അന്ന് പനയംപാടം വേദിയായി. അടുത്തദിവസം ഉറ്റവരുടെയും നാടിന്റെയും പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി അവര്‍ നാലുപേരും യാത്രയായി. മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൗരപ്രമുഖരും സമൂഹത്തിന്റെ വിവിധമേഖലകളില്നിന്നുള്ളവരെല്ലാം അന്ത്യാഞ്ജലികളര്പ്പിക്കാനെത്തിയത് നാട് ഇന്നും മറന്നിട്ടില്ല.
അവര്പഠിച്ച വിദ്യാലയം ശോകമൂകമായി. കണ്ണീരുണങ്ങുംമുന്പേ സ്കൂള്‍ വീണ്ടുംതുറന്നു. വിദ്യാര്‍ഥികളുടെ മാനസികോല്ലാസം തിരിച്ചുപിടിക്കാന്‍ സ്കൂള്‍ അധികൃതരും അധ്യാപകരും പിടിഎയുമെല്ലാം കുട്ടികളോടൊപ്പംനിന്നു. പതിയെപതിയെ അവര്‍ തിരിച്ചുവന്നു. ചിരിച്ചുടഞ്ഞുപോയ കുപ്പിവളകിലുക്കങ്ങളുടെ ഓര്‍മകളില്‍ നെഞ്ച് പിടഞ്ഞപ്പോഴും പുഞ്ചിരിക്കാന്‍ പഠിച്ചു.
അനുവദിച്ചത് 1.35 കോടി
ദേശീയപാതയിലെ പ്രധാന അപകടമേഖലയെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും വേണ്ട നപടിയെടുക്കാന്‍ അധികൃതരും ഉദ്യോഗസ്ഥരും മടിച്ചതാണ് പനയമ്പാടത്ത് നാല് വിദ്യാര്‍ഥികളുടെ ജീവന് പൊലിഞ്ഞതെന്ന ആക്ഷേപം അന്നുമിന്നും ശക്തമാണ്. വശങ്ങള് വീതിയില്ലാത്ത റോഡ്, ഡിവൈഡറില്ല, നടപ്പാതയില്ല, കൈവരിയില്ല, നിവര്‍ത്താത്ത റോഡ് വളവ്, 200 മീറ്റര്ദൂരംവരുന്ന കയറ്റം എന്നിവയെല്ലാം വാഹനാപകടങ്ങള്‍ക്ക് കാരണമായിരുന്നു. അപകടത്തെ തുടര്‍ന്ന് മന്ത്രിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വി.കെ. ശ്രീകണ്ഠന് എംപി, കെ. ശാന്തകുമാരി എംഎല്‍എ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തിയിരുന്നു. ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാറും നേരിട്ടെത്തി വാഹനം സ്വയമോടിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പനയംപാടം റോഡ് നവീകരണത്തിനായി കേന്ദ്രത്തില്‍നിന്ന് 1.35 കോടി രൂപ അനുവദിച്ചു. വിവിധ പഠനറിപ്പോര്ട്ടുകളുടേയും പരിശോധനകളുടേയും ഫലമായാണ് ദേശീയ ഗതാഗത വകുപ്പ് തുക അനുവദിച്ചത്.
പനയംപാടത്ത് പിന്നീടും അപകടങ്ങളുണ്ടായി. താത്കാലിക ഡിവൈഡര്‍ സ്ഥാപിച്ച് വാഹനങ്ങളെ കടത്തിവിട്ടാണ് പ്രശ്നപരിഹാരം തുടങ്ങിയത്.
പ്രവൃത്തികളുടെ മെല്ലെപ്പോക്കില്‍ ആശങ്ക
മാസങ്ങള്‍ക്ക് മുന്‍പാണ് പ്രവൃത്തികള്‍ തുടങ്ങിയത്. റോഡ് നവീകരണംനടത്തിയ യുഎല്സിസിയാണ് പ്രവൃത്തികള്‍ നടത്തുന്നത്. അതേസമയം, ദേശീയപാതയിലെ അപകട സാധ്യതയ്ക്ക് ആക്കംകൂട്ടുന്ന കയറ്റം കുറയ്ക്കണമെന്നും വളവുകള്‍ നിവര്‍ത്തണമെന്നും വര്‍ഷങ്ങളായുള്ള ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. ഇരുവശത്തും അഴുക്കുചാലുകളുമില്ല. നിലവില്‍, റോഡിന്റെ വശങ്ങള് വീതികൂട്ടി പൂട്ടുകട്ട പതിപ്പിക്കലാണ് നടത്തിവരുന്നത്. പണികളുടെ മെല്ലപ്പോക്കില്‍ നാട്ടുകാര്‍ക്കും ആശങ്കയുണ്ട്. അനുവദിച്ചതുക ഉന്നയിച്ച ശരിയായ നവീകരണത്തിന് തികയില്ലെന്നാണ് വിലയിരുത്തല്‍. നടപ്പാത സജ്ജമാക്കല്‍, കൈവരി സ്ഥാപിക്കല്‍, സ്ഥിരമായ ഡിവൈഡര്‍ സ്ഥാപിക്കല്‍, ബസ് കാത്തിരിപ്പു കേന്ദ്രം മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയവയൊക്കെ ചെയ്യാനുണ്ട്. റോഡ് മുറിച്ചുകടക്കുന്നിടത്ത് വിദ്യാര്‍ഥികളുടെ സുരക്ഷക്കായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സേവനം ലഭിക്കുന്നത് ഒഴിച്ചാല്‍ അടിയന്തിര ക്രമീകരണങ്ങള്‍ എവിടെയും എത്തിയിട്ടില്ല.
