പാലക്കാട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുകളുടെ സുസ്ഥിരവും സുതാര്യവുമാ യ പ്രവര്‍ ത്തനത്തിന് എല്ലാ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ 96 സി.ഡി.എസുകളിലായി 101 കമ്മ്യൂണിറ്റി കിച്ചനുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം ശരാശ രി 11000 ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നു. ഇതില്‍ 90 ശതമാനവും സൗജന്യ വിതരണമാണ്. ഈ സാഹചര്യത്തിലാണ് താഴെ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
- കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉറപ്പുവരുത്തണം.
- കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രസ്തുത സംരംഭത്തിലെ കുടുംബശ്രീ അംഗങ്ങള്‍, ബന്ധപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ.
- കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനുള്ള ‘ബ്രേക്ക് ദി ചെയിന്‍’ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
- തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ നിര്‍ധനര്‍, അഗതികള്‍, കിടപ്പുരോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് ആവശ്യാര്‍ത്ഥം 20 രൂപ നിരക്കില്‍ സര്‍വീസ് ചാര്‍ജ് അഞ്ച് രൂപ ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട വൊളന്റിയര്‍മാരുടെ സഹായത്തോടെ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് ഭക്ഷണം പാഴ്‌സലായി എത്തിക്കണം.
- ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള വൊളന്റിയര്‍മാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതും ഇവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ പാസ് നല്‍കി സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്.
- കമ്മ്യൂണിറ്റി കിച്ചന്‍ മുഖേന പാചകം ചെയ്യുന്ന ഭക്ഷണം കൂടാതെ, മറ്റു സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന പാചകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ യാതൊരു കാരണവശാലും വിതരണം ചെയ്യരുത്.
- കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പായോ സംഭാവനയായോ ലഭ്യമാകുന്ന സാധനങ്ങളുടെയും സാമ്പത്തിക സഹായങ്ങളുടെയും കണക്കുകള്‍ കൃത്യമായി സാക്ഷ്യപ്പെടുത്തി സൂക്ഷിക്കണം.
- സൗജന്യമായി ഭക്ഷണം നല്‍കുന്നവരുടെയും സബ്‌സിഡി നിരക്കില്‍ ഭക്ഷണം നല്‍കുന്നവരുടെയും പേര് വിവരങ്ങള്‍ അടങ്ങുന്ന പട്ടിക പ്രത്യേകം തയ്യാറാക്കി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റും സെക്രട്ടറിയും സാക്ഷ്യപ്പെടുത്തി സൂക്ഷിക്കണം.
- ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നത് വരെ കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉറപ്പുവരുത്തണം.
- കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും യോഗം ചേര്‍ന്ന് ബന്ധപ്പെട്ട കമ്മ്യൂണിറ്റി കിച്ചന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്.