പാലക്കാട് :ജില്ലയിൽ ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം ആണ് നിരീക്ഷ ണത്തിൽ ഉള്ളത്. ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും ഊർജിതമാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ജില്ലയിൽ 86 പേര്‍ നിരീക്ഷണത്തില്‍

നിലവില്‍ പാലക്കാട് ജില്ലയിൽ 86 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. 60 പേര്‍ വീടുകളിലും 24 പേര്‍ ജില്ലാ ആശുപത്രിയിലും, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 2 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ആരുടെയും ആരോഗ്യ നില യില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചിട്ടുണ്ട്. ഇതുവരെ 37 സാമ്പിളുകള്‍ അയച്ചതില്‍ 17 ഫല ങ്ങളും നെഗറ്റീവാണ്. ആകെ 287 പേരില്‍ 201 പേരുടെ നിരീ ക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 221 ഫോണ്‍കോളുകള്‍ കണ്‍ ട്രോള്‍ റൂമിലേക്ക് വന്നിട്ടുണ്ട്.

കോവിഡ് 19: റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടി

ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ ബാധിത പ്രദേശങ്ങളായ ചൈന, ഹോങ്കോങ്, തായ്‌ലന്റ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ, വിയറ്റ്‌നാം നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന കോവിഡ് 19 കോള്‍ സെന്ററു കളെയോ (ഫോണ്‍: 0471-2309250, 0471-2309251, 0471-2309252), പാലക്കാട്‌ ജില്ലാ മെഡിക്കല്‍ ഓഫീസിലോ (കോള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505303) നിര്‍ബന്ധമായും ബന്ധപ്പെടണമെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ പൊതുജനാരോഗ്യ നിയമ പ്രകാരം മനപ്പൂര്‍വം പകര്‍ച്ചവ്യാധി പരത്തുന്നതായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കും.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ മാത്രം എത്തുക

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പി.യിലോ കാഷ്വാലിറ്റിയിലോ പോകാതെ ഐസോലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകളില്‍ മാത്രം എത്തണമെന്നാണ് നിർദ്ദേശം. പാലക്കാട് ജില്ലാ ആശുപത്രി, ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ആലത്തൂർ, ചിറ്റൂർ, പട്ടാമ്പി താലൂക്ക് ആശുപത്രികളിലും ഐസൊലേഷൻ വാർഡ് സജ്ജമാണ്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടാതെ മാസ്‌ക്, കൈയ്യുറ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാണ്.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക.
2) കഴുക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്.
3) ആലിംഗനവും ഷേക്ക് ഹാന്‍ഡും ഒഴിവാക്കുക.
4) ഇടയ്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
5) മത്സ്യ മാംസാദികള്‍ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
6) രോഗലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ജലദോഷം, തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്‌ക് ധരിക്കുക.
7) രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക.
8) രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
9) പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
10) പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സക്ക് നിൽക്കാതെ ഉടനെ ഡോക്ടറെ കാണുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!