മണ്ണാര്‍ക്കാട് : അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 52-ാമത് നേര്‍ച്ചയ്ക്ക് നാളെ രാവിലെ ആറിന് ജനറല്‍ സെക്രട്ടറി മുബാറക്ക് അമ്പംകുന്നിന്റെ നേതൃത്വത്തിലുള്ള മൗലീദ് കീര്‍ത്തനത്തോടെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് കോട്ടയ്ക്കലില്‍ നിന്നുള്ള കാരാട്ട്പറമ്പ് ശ്രീധരന്റെ ആദ്യ അപ്പപ്പെട്ടിയ്ക്ക് ഭാരവാഹികള്‍ സ്വീകരണം നല്‍കും. മൂന്ന് ദിവസങ്ങളിലും വിവിധ ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള അപ്പപ്പെട്ടികള്‍ ഈ ദിവസങ്ങളില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയായി എത്തിച്ചേരും. ഖുര്‍ആന്‍ പാരായണവും, പ്രാര്‍ഥനാ സംഗമങ്ങളും ആത്മീയ സദസ്സുകളും നടക്കും. ഷഫീഖ് സഖാഫി കണ്ണൂര്‍, സുബൈര്‍ മുസ്ലിയാര്‍ വളാഞ്ചേരി, മജീദ് മുസ്ലിയാര്‍ കൂടലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഭക്ഷണ വിതരണവും, മധുര പാനീയ വിതരണവുമുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നേര്‍ച്ചയുടെ പതാക ഘോഷയാത്രയായി എത്തിക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് പതാക താഴെയിറക്കും. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെവരെ അന്നദാനവും നടക്കും. ശനിയാഴ്ച രാവിലെ കുട്ടികള്‍ക്കുള്ള സുന്നത്ത് ക്യാംപും മധുര പലഹാരവിതരണവും നടക്കുമെന്ന് ഭാരവാഹികളായ മുജീബ്, സുബൈര്‍ മുസ്്ലിയാര്‍, അനീസ്, റസാഖ് മുസ്്ലിയാര്‍, ഷമീര്‍ എന്നിവര്‍ പറഞ്ഞു.