പാലക്കാട് :കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്ക ണമെന്ന് പൊതുജനാരോഗ്യം അഡീ. ഡയറക്ടര്‍ അറിയിച്ചു.

എന്താണ് സൂര്യാഘാതം?

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാ റിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയു ന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാ ഘാതം. ഹീറ്റ് സ്‌ട്രോക്ക് അഥവാ സബ് സ്‌ട്രോക്ക് എന്നും ഇത് അറിയപ്പെടുന്നു. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവാന്‍ സാധ്യതയുള്ള അവസ്ഥ കൂടിയാണിത്.

ലക്ഷണങ്ങള്‍

• ഉയര്‍ന്ന ശരീര താപനില (103 ഡിഗ്രി ഫാരന്‍ഹീറ്റ്)
• വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം
• ശക്തിയായ തലവേദന, തലകറക്കം
• മന്ദഗതിയിലുള്ള നാഡിമിടിപ്പ്
• മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍
• അബോധാവസ്ഥ
ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നു.

സൂര്യതാപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)

സൂര്യാഘാതത്തെക്കാള്‍ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാഘാതത്തിന് അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യതാപം: മറ്റു ചില പ്രശ്‌നങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്നു തുടുത്ത് വേദനയും പൊള്ളലുകളും സംഭവിച്ചേക്കാം. ഇതിനാല്‍ ഉണ്ടാകുന്ന പൊള്ളിയ കുമിളകള്‍ ഒരിക്കലും പൊട്ടിക്കരുത്.

അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ കുടിച്ച് വിശ്രമിക്കുക.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പു മൂലം ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് റാഷ്. ഏറ്റവും കൂടുതല്‍ കുട്ടികളെ ബാധിക്കുന്ന ഹീറ്റ് റാഷ് തടയുന്നതിന് തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുക. ഏത് സാഹചര്യങ്ങളിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

സൂര്യാഘാതം താപ ശരീര ശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

• സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
• ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
• തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുക, ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
• ധാരാളം പാനീയങ്ങള്‍ കുടിക്കുക.
• ഫലങ്ങളും സാലഡുകളും കഴിക്കുക.
• ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

പ്രത്യേകം ശ്രദ്ധ വേണ്ടവര്‍

• 65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍
• നാലു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍
• പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം പോലുള്ള രോഗമുള്ളവര്‍
• വെയിലത്ത് ജോലി ചെയ്യുന്നവര്‍
• പോഷകാഹാര കുറവുള്ളവര്‍
• തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താല്‍കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്ന അഗതികള്‍.
• കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍
• മദ്യപാനികള്‍

പ്രതിരോധ മാര്‍ഗങ്ങള്‍

• ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
• വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
• കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
• വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാന്‍ അനുവദിക്കുക.
•  കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
•  വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്.

സൂര്യാഘാതം മൂലം കുഴഞ്ഞു വീണാല്‍ അടിയന്തിര ചികിത്സ നല്‍കേണ്ടതും ഇപ്രകാരം മരണപ്പെട്ടാല്‍ ആശുപത്രിയില്‍ എത്തിച്ച് സൂര്യാഘാതം കാരണമാണ് മരണമെന്ന് ഉറപ്പുവരുത്തി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!