മണ്ണാര്‍ക്കാട്: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുന മർദ്ദം നിലവിൽ വടക്കൻ ഒഡിഷക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ജൂൺ 26, 27, 29,30 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ജൂൺ 27 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ജൂൺ 27ന് ഇടുക്കി ജില്ലയിലാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.
ജൂൺ 26ന്: ആലപ്പുഴ, എറണാകുളം, ഇടുക്കി
27ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
29ന്: കണ്ണൂർ, കാസറഗോഡ്
30ന്: ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.