ആലത്തൂര്‍: കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന എല്ലാ നൂതന പദ്ധതികളും സഹകരണ മേഖലയിലൂടെ മാത്രം നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷരുമായി നേരിട്ട് ബന്ധമുള്ള സഹകരണ മേഖലയിലൂടെ നടത്തിയാല്‍  പദ്ധതി കള്‍കൊണ്ടുള്ള  ഗുണം  കൂടുതലായി ലഭിക്കും എന്നതിനാലാണിത്.  ആലത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചേരാമംഗലം ബ്രാഞ്ചില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാളികേര സംഭരണ-സംസ്‌കരണ കേന്ദ്രത്തിന്റെയും ആലത്തൂര്‍ മണ്ഡലം നിറ ഹരിതമിത്ര സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തി ന്റെയും ഉദ്ഘാടനം ചേരാമംഗലം ബ്രാഞ്ച് അങ്കണത്തില്‍  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷികമേഖലയില്‍ ഉത്പാദനവും വരുമാനവും വര്‍ധിപ്പിക്കാന്‍ തെങ്ങ് കൃഷി വ്യാപിപ്പിക്കും. എം ഐടി ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകള്‍ കൃഷിയില്‍ പ്രയോജനപ്പെടുത്തും. മണ്ണ് എന്ന പേരില്‍ വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ് ഭാരതത്തിലെ ആദ്യ ചുവടാണ്. വള പ്രയോഗത്തിന് ഡ്രോണ്‍ പ്രോത്സാഹിപ്പിച്ച് കൃഷിയിലെ ചിലവു കുറയ്ക്കും. കൃഷി വ്യാപിപ്പിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തു ജനപ്രതിനിധികളെയും കര്‍ഷകരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി ചെയ്യാതെ പഞ്ചായത്ത് അംഗമാകാന്‍ അനുവദിക്കില്ല. ഓരോ കൃഷിഭവന്‍ പരിധിയിലും കൃഷി പാഠശാല നടപ്പാക്കും. ഓരോയിടത്തും 2000 വീട്ടമ്മമാരെ കൃഷിയിലേക്ക് നയിക്കും.  കേരളത്തിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കുകയാണ് ലക്ഷ്യം. മണ്ണ് മുതല്‍ വിപണനം വരെ ശാസ്ത്രീയവും സാങ്കേതികവുമാക്കി മാറ്റിയാല്‍ മാത്രമേ നല്ല വിളവും വിലയും ലഭിക്കൂ. അതിലേക്ക് കര്‍ഷകരെ നയിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

ആലത്തൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രത്യേകിച്ച് കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി വ്യത്യസ്തമായ സംരംഭങ്ങള്‍ ലാഭേച്ഛ കൂടാതെ  നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്‌കരണ കേന്ദ്രം ആരംഭിച്ചത്. ബാങ്ക് സെക്രട്ടറി വി. ജയലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ.വി. ചെന്താമരാക്ഷന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മേലാര്‍ക്കോട്, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. മായന്‍,ടി.ജി.ഗംഗാധരന്‍,ജോയിന്റ് രജിസ്ട്രാര്‍ അനിതാ ടി ബാലന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകരണ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, നിറ പദ്ധതി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!