മുണ്ടൂര്‍: യുവക്ഷേത്ര കോളേജില്‍ ജനുവരി 25 ന് ആരംഭിക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസിന് മുന്നോടിയായുള്ള വിളംബരജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷം ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ എത്തിയ പ്രചാരണവാഹനം ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിച്ചു. ശാസ്ത്രാവബോധം വളര്‍ത്തുകയെന്നത് മൗലിക കടമയാണെന്നും പാലക്കാട്ടെ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കുന്ന ശാസ്ത്ര കോണ്‍ഗ്രസ് ഏവരും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മുണ്ടൂര്‍ യുവക്ഷേത്ര കോളേജ് സംയുക്തമായാണ് 32-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി യുവക്ഷേത്ര കോളേജിലെ കോമേഴ്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. പ്രചാരണ വാഹനം രണ്ടുദിവസങ്ങളിലായി ജില്ലയിലെ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിക്കും.

കെ.എഫ്.ആര്‍.എ  ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ മാത്യു വാഴയില്‍, കെ എഫ് ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുഹമ്മദ് കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!