മലമ്പുഴ: ഇടതുകര കനാലിലൂടെ മാർച്ച് മൂന്ന് വരെ ജലസേചനം നടത്താൻ എ.ഡി.എം ടി.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മലമ്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. കർഷകരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം.
ഫെബ്രുവരി 28 വരെ ജലസേചനം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത കർഷക പ്രതിനിധികളുടെ ആവശ്യം മുൻനിർത്തി മാർച്ച് മൂന്ന് വരെ ജലവിതരണം നീട്ടുമെന്ന് മലമ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വലതുകര കനാലിൽ ഇടവേളകളില്ലാതെ ഫെബ്രുവരി 25 വരെ ജലവിതരണം തുടരുമെന്നും അദേഹം അറിയിച്ചു.
കർഷകർക്ക് വെള്ളം അളവനുസരിച്ച് നൽകണമെന്ന് കെ. ഡി. പ്രസേനൻ എം.എൽ.എ യോഗത്തിൽ പറഞ്ഞു. അളവനുസരിച്ചുള്ള വെള്ളം ആദ്യദിനം തന്നെ ഇടതടവില്ലാതെ നൽകണമെന്നും പാടശേഖരത്തിന്റെ അവസാനത്തെ അറ്റത്തുള്ള കർഷകനും വെള്ളം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മലമ്പുഴ അണക്കെട്ടിലെ ജലസംഭരണ ശേഷി നിലനിർത്തുക, പറളിയിൽ തടയണ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉപദേശക സമിതി അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മലമ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.കെ. അബ്ദുള്ള, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, മറ്റ് ഉദ്യോഗസ്ഥർ, പി.എ.സി.അംഗങ്ങൾ എന്നിവർ പങ്കെടുത്തു.