പാലക്കാട്: അനര്‍ട്ട് മുഖേന നടപ്പിലാക്കുന്ന സോളാര്‍ റൂഫ് ടോപ്പ്, പി.എം കുസും പദ്ധതികളിലേക്ക് സ്‌പോട്ട് രജിസ്റ്റട്രേഷന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അവസരം. ആധാര്‍കാര്‍ഡ്, ടാക്‌സ് രസീതി, കെ.എസ്.ഇ.ബി ബില്‍ എന്നിവയുമായി സ്റ്റാളില്‍ എത്തിയാല്‍ പദ്ധതികളിലേക്ക് രജിസ്റ്റര്‍ ചെയ്യാനാകും. മേളയില്‍ അനര്‍ട്ട് സജ്ജീകരിച്ച സ്റ്റാളിലാണ് പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവില്‍ 25 പേരാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്തത്.
സൗരതേജസ് സോളാര്‍ റൂഫ് ടോപ്പ്
അനര്‍ട്ട് മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് രണ്ട് മുതല്‍ പത്ത് കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് പദ്ധതിയിലൂടെ സ്ഥാപിച്ച് നല്‍കുന്നത്. ആദ്യ മൂന്ന് വാട്ടിന് 40 ശതമാനവും തുടര്‍ന്നുള്ള ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡി പദ്ധതിയിലൂടെ ലഭിക്കും. ഗുണഭോക്താവിന് ഉപയോഗ ശേഷമുള്ള വൈദ്യുതി വില്‍ക്കാനും സാധിക്കും. യൂണിറ്റിന് നിശ്ചയിക്കുന്ന നിശ്ചിത തുക ഗുണഭോക്താവിന് കെ.എസ്.ഇ.ബി നല്‍കും. www.buymysun.com ല്‍ അപേക്ഷകള്‍ നല്‍കാം. എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ തുടങ്ങിയ പ്രമുഖ ബാങ്കുകളിലൂടെ ലോണ്‍ ടോപ്പ് അപ്പ് ചെയ്യാനും സൗകര്യമുണ്ട്.
പി.എം. കുസും പദ്ധതി
കേരളത്തിലെ കര്‍ഷകര്‍ക്ക് ഒരു എച്ച്.പി മുതല്‍ 7.5 എച്ച്.പി ശേഷി യുള്ള സോളാര്‍ പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് നല്‍കുന്ന പി.എം. കുസും പദ്ധതിയിലൂടെ 60 ശതമാനം സബ്‌സിഡിയാണ് നല്‍കുന്നത്. പദ്ധതിയിലൂടെ കാര്‍ഷിക ഉപയോഗത്തിനുള്ള പമ്പ് കണക്ഷനുകള്‍ സോളാറിലേക്ക് മാറ്റാനും സാധിക്കും. വൈദ്യുതി എത്താത്ത പ്രദേശങ്ങളിലും നിലവിലെ ഡീസല്‍ പമ്പുകള്‍ മാറ്റി സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാവുന്നതാണ്.
സ്റ്റാളില്‍ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനും പവര്‍പ്ലാന്റ് മാതൃകയും
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അനര്‍ട്ട് ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനും പവര്‍പ്ലാന്റ് മാതൃകയും സജ്ജീകരിച്ചിട്ടുണ്ട്. അനര്‍ട്ട് ഇ.ഇ.എസ്.എല്‍ ഏജന്‍സിയും സംയുക്തമായി നടത്തുന്ന ഇ-മൊബിലിറ്റി പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ വകു പ്പിന് കീഴിലുള്ള സ്ഥലങ്ങളിലും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും കരാര്‍ അടിസ്ഥാനത്തിലും അല്ലാതെയും ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു നല്‍കുന്നു. 80 കിലോവാട്ട് ചാര്‍ജ്ജിങ് മെഷീന്‍ സ്ഥാപിക്കുന്നതിനും വാഹന പാര്‍ക്കിങിനുമായി രണ്ടര സെന്റ് സ്ഥലമാണ് ആവശ്യമായി വരുന്നത്. സ്വകാര്യ ഉടമസ്ഥത യിലുള്ള സ്ഥലങ്ങളിലും ഹോട്ടലുകളിലും സ്ഥാപിക്കാവുന്ന തരം ചാര്‍ജ്ജിങ് സ്റ്റേഷനുകളും അനര്‍ട്ട് മോഡലിലൂടെ പരിചയപ്പെടു ത്തുന്നുണ്ട്. 20 മുതല്‍ 30 ശതമാനം വരെയാണ് സര്‍ക്കാര്‍ സബ്‌സി ഡിയായി നല്‍കുന്നത്. അട്ടപ്പാടി താഴെത്തുടുക്കി ഊരില്‍ അനര്‍ട്ട് സ്ഥാപിക്കുന്ന സോളാര്‍-വിന്‍ഡ് ഹൈബ്രിഡ് പ്ലാന്റാണ് സ്റ്റാളിലെ മറ്റൊരു ആകര്‍ഷണം. കൂടാതെ രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി മാതൃകയും സ്റ്റാളിലുണ്ട്. അനര്‍ട്ട് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വിവരണം നല്‍കുന്നുണ്ട്.