പാലക്കാട്:കോവിഡ് 19 രോഗവ്യാപനം സമ്പര്‍ക്കം കൂടുന്ന സാഹച ര്യത്തില്‍ എല്ലാവര്‍ക്കും മുഖാവരണം (യൂണിവേഴ്സല്‍ മാസ്‌കിങ്) എന്ന നിര്‍ദ്ദേശം പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആര്‍.സി.എച്ച് (റിപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്) ഓഫീസറും കോവിഡ് ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. ജയന്തി അറിയിച്ചു. മറ്റൊരാളുമായി ഇടപെടുന്ന സാഹചര്യത്തില്‍ മാസ്‌ക് കൃത്യമായി തന്നെ ധരിക്കണം. രോഗം ആരില്‍ നിന്നും പകര്‍ന്നേക്കാമെന്ന സാഹചര്യത്തില്‍ സ്വന്തം സുരക്ഷിതത്വം ഓരോരുത്തരുടെയും ചുമതലയാണെന്നത് ഓരോ വ്യക്തിയും മനസ്സില്‍ ഉറപ്പാക്കണം.
സ്വയംചികിത്സ പാടില്ല
ജലദോഷം, ചുമ, പനി എന്നിവ വന്നാല്‍ ഒരിക്കലും സ്വയംചികിത്സ നടത്തരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വമേധയാ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ഡോക്ടറെ സമീപിച്ച് മാത്രം മരുന്നു കഴിക്കുക. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകള്‍ വാങ്ങി കഴിക്കരുത്. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരും ശ്രദ്ധിക്കുക.
ഭക്ഷണം പങ്കിടുന്നതും ചേര്‍ന്നിരുന്ന് സംസാരിക്കുന്നതും ഒഴിവാക്കാം
ഓഫീസുകളിലും മറ്റും ഭക്ഷണം പങ്കിട്ടു കഴിക്കുന്നതും ചേര്‍ന്നിരുന്നു സംസാരിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്ന വേളയില്‍ മാസ്‌ക് ധരിക്കാത്തതിനാല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ കൂടിയിരിക്കല്‍ പരമാവധി ഒഴിവാക്കുക.
കുടുംബവുമൊത്തുള്ള ഷോപ്പിംഗ് ഒഴിവാക്കുക
കുടുംബവുമൊത്തുള്ള ഷോപ്പിംഗ് ഒഴിവാക്കുക. പരമാവധി സാധനങ്ങള്‍ ഒരു കടയില്‍ നിന്നുതന്നെ വാങ്ങുക. കൂടുതല്‍ സ്ഥാപനങ്ങള്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കുക. വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ പോകുന്നവര്‍ വസ്ത്രങ്ങള്‍ ധരിച്ച് ട്രയല്‍ നോക്കുന്നത് ഒഴിവാക്കുക. സാധനങ്ങള്‍ വാങ്ങിയ ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. പച്ചക്കറി, പഴങ്ങള്‍ എന്നിവ ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം പാചകം ചെയ്യുക.
പൊതുഗതാഗത സംവിധാനം കൂടുതല്‍ ശ്രദ്ധയോടെ
പൊതുഗതാഗത സംവിധാനം കൂടുതല്‍ ശ്രദ്ധയോടെ ഉപയോഗിക്കാം. പൊതു വാഹനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പരമാവധി പ്രതലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുക. വ്യക്തി ശുചിത്വവും ശാരീരിക അകലവും പാലിക്കുക. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. പൊതുഇടങ്ങളിലെ പ്രതലങ്ങള്‍, നാണയങ്ങള്‍, ബാങ്ക് നോട്ടുകള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയില്‍ സ്പര്‍ശിച്ച ശേഷം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. രോഗങ്ങള്‍ ഇല്ലാത്തവര്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. രോഗികളുടെ ഒപ്പം കൂട്ടിരുപ്പുകാരുടെ എണ്ണം കുറയ്ക്കുക.
സമീകൃത ആഹാര രീതി പിന്തുടരുക
പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികള്‍ ഉള്‍പ്പെടുത്തിയ സമീകൃതാഹാരം കഴിക്കുക. വീടിനുള്ളില്‍ ദിവസേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. നന്നായി വെള്ളം കുടിക്കുക.
യുവാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കുക
മരണനിരക്ക് കുറവാണെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ യാതൊരു കാരണവശാലും യുവജനത അനാവശ്യമായി പുറത്ത് കറങ്ങി നടക്കരുത്. ഓരോ വ്യക്തിയുടെയും ശാരീരികപ്രവര്‍ത്തനം പ്രവചനാതീതമായതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ യുവതലമുറ ശ്രദ്ധിക്കണം.
വസ്ത്രങ്ങള്‍ ചൂടുവെള്ളത്തില്‍ വൃത്തിയാക്കാം
പൊതുസ്ഥലങ്ങളില്‍ പോയി തിരിച്ചെത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും തുണി മാസ്‌ക്കും സോപ്പ് ലായനി ചേര്‍ത്ത് 6090 ഡിഗ്രി ചൂടുവെള്ളത്തില്‍ 30 മിനിറ്റ് മുക്കി വച്ചതിനു ശേഷം അലക്കുക.
കട്ടിയുള്ള മാസ്‌ക് ധരിക്കാം
പരമാവധി മൂന്ന് ലെയറുള്ള കോട്ടണ്‍ മാസ്‌ക് ധരിക്കുക. കോവിഡ് രോഗലക്ഷണമുള്ളവര്‍ തുണി മാസ്‌ക് ഉപയോഗിക്കരുത്. പരമാവധി സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 ധരിക്കുക. ഇവ ആറ് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ബനിയന്‍ തുണി കൊണ്ട് നിര്‍മിച്ച കട്ടിയില്ലാത്ത മാസ്‌ക് ഒഴിവാക്കുക.
രോഗം വരുന്നത് പരമാവധി വൈകിക്കാം
രോഗം പെട്ടെന്ന് വന്നു പോകട്ടെയെന്ന് കരുതുന്നത് തീര്‍ത്തും തെറ്റിധാരണാപരമായ ചിന്തയാണ്. ഓരോ വ്യക്തിയിലും വൈറസ് പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. പരമാവധി വൈകി മാത്രമേ രോഗം ബാധിക്കാവു എന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്‍കരുതലുകള്‍ സ്വീകരിച്ച് മുന്നോട്ടുപോയാല്‍ കൂടുതല്‍ ഫലപ്രദമായ ചികിത്സാരീതികളും മരുന്നും ലഭ്യമാകാനും സാധ്യതയുണ്ട്.
രോഗം ഉള്ളവരെ ശാരീരികമായി മാത്രം അകറ്റുക. മാനസികമായി ചേര്‍ത്തുപിടിക്കുക. കാരണം നാളെ നിങ്ങളും രോഗി ആയേക്കാം.