പാലക്കാട് :സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി കെ. എസ്.ആര്‍.ടി.സി പാലക്കാട് യൂണിറ്റില്‍ നിന്നുള്ള മൂന്നാഘട്ട ബോണ്ട്(ബസ് ഓണ്‍ ഡിമാന്‍ഡ് ) സര്‍വ്വീസിന് ഓഗസ്റ്റ് 25ന് തുടക്കമാകും. കരിങ്കുളം ജംങ്ഷനില്‍ നിന്നും രാവിലെ ഏട്ടിന് നടത്തുന്ന സര്‍വ്വീസ് കെ. ബാബു എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. എലവഞ്ചേരി മുതല്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ വരെയാണ് ബോണ്ട് പ്രകാരം കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുക. കെ.എസ്.ആര്‍.ടി.സി വടക്കന്‍ മേഖല എക്‌സി. ഡയറക്ടര്‍ സി.വി. രാജേന്ദ്രന്‍, പാലക്കാട് എ.ടി.ഒ ടി.എ. ഉബൈദ്, ചിറ്റൂര്‍ എ.ടി.ഒ എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിദിനം രണ്ട് സര്‍വ്വീസാണ് നടത്തുക. രാവിലെ 8.45ന് പുറപ്പെട്ട് 9.45 ന് സിവില്‍ സ്റ്റേഷനില്‍ എത്തുകയും വൈകിട്ട് 5.15ന്
സിവില്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 6.15ന് എലവഞ്ചേരിയില്‍ എത്തുന്ന വിധമാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പൊതുവാഹന യാത്രയിലുള്ള അസൗകര്യം കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ ബോണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. നിലവില്‍ പാലക്കാട് നിന്നും ചിറ്റൂരില്‍ നിന്നും മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലേയ്ക്ക് ബോണ്ട് പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ട്.
ബോണ്ട് പദ്ധതിയുടെ സവിശേഷതകള്‍
1) പദ്ധതി പ്രയോജനപ്പെടുത്തുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കും.
2) യാത്രക്കാര്‍ക്ക് ബസില്‍ സീറ്റുകള്‍ ഉറപ്പായിരിക്കും
3) യാത്രക്കാരുടെ ഓഫീസിനു മുന്നില്‍ അവരെ ഇറക്കുകയും കയറ്റുകയും ചെയ്യും.
4) യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വ്വീസുകളില്‍ 5,10, 15, 20, 25 ദിവസങ്ങളിലേയ്ക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രക്കുള്ള ബോണ്ട് (BOND) ട്രാവല്‍ കാര്‍ഡുകള്‍ ഡിസ്‌കൗണ്ടോടെ കൈപ്പറ്റാവുന്നതാണ്.
5) കോവിഡ് നിബന്ധനകള്‍ പാലിച്ച് പൂര്‍ണമായും അണുവിമുക്തമാക്കിയ ബസുകളാണ് സര്‍വ്വീസിനായി ഉപയോഗിക്കുക.
6) എല്ലാ യാത്രക്കാര്‍ക്കും അപകട ഇന്‍ഷൂറന്‍സ് ഉണ്ടായിരിക്കും.
7) വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ബസിന്റെ തത്സമയ ലൊക്കേഷന്‍ യാത്രക്കാരെ അറിയിക്കും.