പട്ടാമ്പി: ക്ലസ്റ്ററിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്‍സിഡന്റല്‍ കമാന്ററും  ഒറ്റപ്പാലം സബ് കലക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പട്ടാമ്പി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.  

പട്ടാമ്പി താലൂക്ക് പരിധിയില്‍ ഇതുവരെ 6346 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. അതില്‍ 383 കേസുകള്‍ പോസിറ്റിവായതായി താലൂക്ക് നോഡല്‍ ഓഫീസര്‍ ഡോ. സിദ്ദീഖ് യോഗത്തില്‍ അറിയിച്ചു.  നിലവില്‍ പോസിറ്റീവ് കേസുകള്‍ ഒരു ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രൈമറി കേസുകള്‍ മാത്രമാണ് ഇതുവരെ ഉണ്ടായത്. സെക്കന്‍ഡറി കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉറവിടം അറിയാത്ത രണ്ട് കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു. പട്ടാമ്പി ക്ലസ്റ്ററില്‍ 1,92,000 പേരില്‍ സര്‍വ്വേയും  നടത്തി.

പട്ടാമ്പി സംസ്‌കൃത കോളജിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍  ഇതുവരെ 95 രോഗികളെ  പ്രവേശിപ്പിച്ചതില്‍ നെഗറ്റീവ് ആയവരെ   വീട്ടിലേക്ക് അയച്ചു.  നിലവില്‍ 58 പേരാണ് ഇവിടെ  തുടരുന്നത്.  പട്ടാമ്പി  സംസ്‌കൃത കോളെജിലെ 750 കിടക്കകള്‍ ഉള്‍പ്പടെ പട്ടാമ്പി താലൂക്കിലെ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 2064 കിടക്കകള്‍ ഇതിനോടകം  തയ്യാറായിട്ടുള്ളതായി തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന യോഗത്തില്‍ ചാലിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം  മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷമ, താലൂക്ക്  ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സുപ്രണ്ട് ഡോ. അബ്ദുറഹ്മാന്‍, പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റര്‍ ചന്ദ്രദാസ്, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ടി. വിനോദ്, മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കണ്ണയ്യന്‍,  കൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ  ഡോ . ഗീത, തഹസില്‍ദാര്‍ ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സൈദ് മുഹമ്മദ്, പട്ടാമ്പി മേഖലയിലെ പോലീസ്, സിവില്‍ സപ്ലൈസ്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!