മലപ്പുറം:മലബാറിന്റെ വികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊണ്ട് പൊന്നാനി തുറമുഖത്ത് വന്‍കിട കപ്പല്‍ നിര്‍മാണശാല വരുന്നു.കേരള മാരി ടൈം ബോര്‍ഡിന്റെ അധീനതയില്‍ പൊന്നാനി ഫിഷിങ് ഹാര്‍ബറിന് പടിഞ്ഞാറു വശത്തായി കടലോരത്തുള്ള 29 ഏക്കറോളം ഭൂമിയിലാണ് കപ്പല്‍ നിര്‍മാണശാല വരുന്നത്. പൊതു – സ്വകാര്യപങ്കാളിത്തത്തോടെയാണ് കൊച്ചി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ കപ്പല്‍ശാല പൊന്നാനിയില്‍ യാഥാര്‍ഥ്യമാവുന്നത്.
കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂഷനും ആരംഭിക്കും. കപ്പല്‍ യാര്‍ഡ് തുടങ്ങുന്നതിന് പിന്നാലെ ചരക്ക് നീക്കവും ആരംഭിക്കും. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.രണ്ടാഴ്ചക്കുള്ളില്‍ കരാര്‍ ഒപ്പു വെക്കല്‍ നടപടികളിലേക്ക് കടക്കും. ആദ്യമായി ചെറുകിട കപ്പലുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുക. ഇതിന്റെ ഭാഗമായി അഴിമുഖത്ത് വാര്‍ഫും നിര്‍മിക്കും. പുലിമുട്ടിനോട് ചേര്‍ന്ന് പഴയ ജങ്കാര്‍ ജെട്ടിക്ക് സമീപത്താണ് വാര്‍ഫ് നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ 200 കോടിയോളം രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തില്‍ വലിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏഴു മുതല്‍ 10 വര്‍ഷത്തിനിടയില്‍ 1000 കോടിയോളം രൂപ നിക്ഷേപിച്ച് വലിയ കപ്പലുകള്‍ നിര്‍മിച്ചു കൊണ്ട് കൊച്ചി കഴിഞ്ഞാല്‍ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാലയാക്കി പൊന്നാനിയെ മാറ്റാനാണ് ഉദ്ദേശം. കപ്പല്‍ നിര്‍മാണശാല വരുന്നതോടെ ആയിരത്തോളം പേര്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
കപ്പല്‍ നിര്‍മാണ ശാലക്ക് കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മീന്‍ ചാപ്പകള്‍ക്ക് ഹാര്‍ബറിന്റെ കിഴക്കുഭാഗത്ത് സൗകര്യം ഒരുക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.കപ്പല്‍ നിര്‍മാണശാല പൊന്നാനിയുടെ വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പദ്ധതിക്ക് തദ്ദേശീയമായ സഹകരണം ഉറപ്പാക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെ ന്നും പി. നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു.
