നെന്മാറ:നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതക ളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നാച്ചുറ ’26’ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കും. നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് പരിപാടി നടത്തുന്നത്.
നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഫാമില്‍ സജ്ജമാക്കുന്ന വേദിയില്‍ കാര്‍ഷിക പ്രദര്‍ശ നവും വിപണന മേളയും അരങ്ങേറും. നൂതന സാങ്കേതിക വിദ്യകളായ പോളിഹൗസ് ഫാമിങ്, ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ്, വിയറ്റ്നാം മോഡല്‍ കുരുമുളക് കൃഷി, ഹൈ ഡന്സിറ്റി പ്ലാന്റിങ് എന്നിവയെ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. സ്ട്രോബെറി, പാഷന് ഫ്രൂട്ട്, ഓറഞ്ച് തോട്ടങ്ങള്‍ക്കൊപ്പം ശീതകാല പച്ചക്കറി പ്ലോട്ടുകളും മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഗ്രാഫ്റ്റിങ്, ബഡ്ഡിങ് തുടങ്ങിയ കൃഷിരീതികള്‍ നേരിട്ട് മനസ്സിലാക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിനോദവും വിജ്ഞാനവുംകാഴ്ചകള്ക്കപ്പുറം അറിവ് പകര്ന്നുനല്കുന്ന സെമിനാറുക ള്‍, ശില്പശാലകള്, വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കുമായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങള്‍ എന്നിവ മേളയുടെ മാറ്റുകൂട്ടും. കുട്ടികള്‍ക്കായി ചിത്രരചന, ഉപന്യാസ മത്സരങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ മത്സരങ്ങളും നടക്കും. വോളിബോള്‍, വടംവലി തുടങ്ങിയ കായിക മത്സരങ്ങളും എല്ലാ ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയുള്ള ‘കലാസന്ധ്യ’യും സന്ദര്‍ശകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സമ്മാനിക്കും.കൃഷിയും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും സമന്വയിക്കുന്ന ഈ മേളയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കാര്‍ഷിക-ടൂറിസം രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കെ. ബാബു എം.എല്‍.എ അധ്യക്ഷനായും ഫാം സൂപ്രണ്ട് സാജിദലി പി. കണ്‍വീനറാ യും രൂപീകരിച്ച സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമി ക്കുകയാണ്. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പ്രദേശത്തെ എസ്റ്റേറ്റുകള്‍, റിസോര്‍ട്ടുകള്‍, വ്യാപാരികള്‍, ടാക്സി തൊഴിലാളികള്‍, വിവിധ ട്രേഡ് യൂണിയനുകള്‍, ഫാം തൊഴിലാളികള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എന്നിവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് നാച്ചുറ ’26 സംഘടിപ്പിക്കുന്നത്.
