തൃത്താല:ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി കുടുംബശ്രീ മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.ദേശീയ സരസ് മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനവും ആദരസന്ധ്യയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് കുടുംബശ്രീയെ വളര്‍ത്താന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ആധുനിക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കരുത്തുറ്റ സംവിധാനമായി ഇന്ന് കുടുംബശ്രീ മാറി.വികസിത രാജ്യ ങ്ങളില്‍ നിന്നുള്ള ‘റിവേഴ്സ് മൈഗ്രേഷന്‍’ കേരളത്തില്‍ വര്‍ധിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുടുംബശ്രീ വഴി ഡെന്മാര്ക്കിലേക്ക് 24,000 കെയര്‍ ഗീവേഴ്സിനെ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഡെന്മാര്ക്കിലെ വയോജനക്ഷേമ മന്ത്രിയും അംബാസിഡറും ഉള്‍പ്പെട്ട ഉന്നതതല സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ഇവര്‍ക്കാവശ്യമായ ഭാഷാ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡെന്മാര്ക്ക് തന്നെ ഉറപ്പുവരുത്തും. കുടുംബശ്രീയുടെ ഖ്യാതി കടല്‍ കടക്കുന്ന ചരിത്ര മുഹൂര്‍ത്തമാണിതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ പാലിയേറ്റീവ് പരിചരണം സാര്‍വത്രികമായി നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമാണ്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്നാണ് ഇത് സാധ്യമാക്കു ന്നത്. നീതി ആയോഗിന്റെ ‘ബെസ്റ്റ് പ്രാക്ടീസ്’ അംഗീകാരം നേടിയ ലൈഫ് മിഷന് പദ്ധതി കേരള വികസന മാതൃകയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായം, സംസ്കാരം, പാലിയേറ്റീവ്, അക്കാദമിക് മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വ്യക്തികളെ ആദരിച്ചു. എ.സി. മൊയ്തീന് എം.എല്‍.എ അധ്യക്ഷനായി. കെ. പ്രേംകുമാര്‍ എം.എല്‍.എ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര് കുഞ്ഞുണ്ണി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി വിപുലേഷ്, സംവിധായിക ശ്രുതി ശരണ്യം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
