തൃത്താല: ജീവിതം തളര്ത്തിയിടാന് നോക്കിയപ്പോഴെല്ലാം തളരാത്ത മനസ്സുമായി പൊരുതിക്കയറിയ ഒരു അറുപതുകാരിയുടെ കഥയാണിത്.അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശിനി അമ്മിണി.ദേശീയ സരസ് മേളയില്‍ എത്തിയവര്‍ക്കെല്ലാം അമ്മിണിയ മ്മയുടെ പുഞ്ചിരിക്ക് രാമച്ചത്തിന്റെ കുളിര്‍മയും പോരാട്ടത്തിന്റെ ചൂടുമുണ്ടാ യിരുന്നു.
ഭര്‍ത്താവ് തളര്‍ന്നു കിടപ്പിലായതോടെയാണ് മുപ്പതാം വയസ്സില്‍ അമ്മിണിയുടെ ജീവിതം പ്രതിസന്ധിയിലായത്.തകര്‍ന്നുപോയ കുടുംബത്തെ കൈപിടിച്ചുയര്‍ത്താന്‍ അമ്മിണി തിരഞ്ഞെടുത്തത് രാമച്ചത്തിന്റെ വേരുകളായിരുന്നു.ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ വീടിനടുത്തുള്ള നെയ്യല് കേന്ദ്രത്തില്‍ നിന്നും രാമച്ച കിടക്കകള്‍ നിര്‍മിക്കാന്‍ പഠിച്ചു. ഇന്ന് കിടക്കകള്‍ക്ക് പുറമെ തലയിണകള്‍, കുഷ്യനുകള്‍, ബോഡി സ്ക്രബറുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഈ കൈകളില്‍ വിരിയുന്നു.
ഒരു വര്‍ഷം ഒരു ലക്ഷം രൂപയുടെ രാമച്ചവേരുകളാണ് അട്ടപ്പാടിയില്‍ നിന്നും ചാവ ക്കാട്ടുനിന്നുമായി ഇവര്‍ വാങ്ങുന്നത്. ദിവസവും നൂറോളം സ്ക്രബറുകള്‍ നിര്‍മിക്കുന്ന അമ്മിണിയുടെ പ്രധാന വിപണി സൈലന്റ്വാലി ഫോറസ്റ്റ് ഓഫിസും ജില്ലയിലെ വിവിധ മേളകളുമാണ്. സരസ് മേളയില്‍ വെറും 25 രൂപയ്ക്ക് ലഭിക്കുന്ന ഇവരുടെ രാമച്ച സ്ക്രബറിന് വന്‍ ആവശ്യക്കാരാണുള്ളത്.
ജെല്ലിപ്പാറ ഐശ്വര്യ കുടുംബശ്രീയിലെ ‘നിത്യ’ യൂണിറ്റ് അംഗമായ അമ്മിണി, കഠി നാധ്വാനത്തിലൂടെ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിക്കുകയാണ്. അമ്മിണിയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ജില്ലയിലെ നിരവധി കടകളിലും സജീവമാണ്.
