ചാലിശ്ശേരി: സരസ് മേളയെന്നാൽ സരളയെന്ന കുടുംബശ്രീ സംരംഭകയ്ക്ക് ഹൃദയ ത്തിൽ ചേർത്തു വച്ച വികാരമാണ്. ചാലിശ്ശേരിയിൽ കുടുംബശ്രീയുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് മേളയിലും എഴുപത്തിയഞ്ചുകാരിയായ ഈ കുടുംബശ്രീ വനിത പതിവ് തെറ്റാതെ തന്റെ ഉൽപന്നങ്ങളുമായി എത്തിയിരിക്കുകയാണ്.
സരസ് ദേശീയ മേളയിലെ പ്രധാന പവിലിയനിലെ 136-ആം നമ്പർ സ്റ്റാളിലാണ് സരളയുടെ ഉൽപന്നങ്ങൾ. ഈറ്റ കൊണ്ടുള്ള പ്രകൃതി സൗഹൃദ ഉൽപന്നങ്ങളാണ് എല്ലാം. കിണ്ടി, ലാമ്പ് ഷേഡ്, വിവിധ മാതൃകയിലുള്ള പഴക്കൂടകൾ, ശംഖ്, മുറം, കുട്ട, കോരുകുട്ട എന്നിങ്ങനെ 150 രൂപ മുതൽ 800 രൂപ വരെ വിലയുളള വിവിധ ഉൽപന്നങ്ങൾ ലഭ്യമാണ്. ഈറ്റയിൽ നിർമിച്ച കൊത്തുവിളക്കും നിലവിളക്കുമല്ലാം രണ്ടു ദിവസത്തിനുളളിൽ വിറ്റഴിഞ്ഞു. വിവിധ നിറങ്ങളിലുള്ള ലാമ്പ് ഷേഡുകൾക്ക് ഇരുനൂറ് മുതൽ നാനൂറ് രൂപ വരെയും മുറത്തിന് വലിപ്പം അനുസരിച്ച് നൂറ്റി അമ്പത് മുതൽ നാനൂറ് രൂപയ്ക്കും ലഭിക്കും. ഈറ്റകൊണ്ടുള്ള ഉൽപന്നങ്ങൾ സ്റ്റാളിൽ ഇരുന്നു കൊണ്ടു തന്നെ സരള നിർമിക്കുന്നത് ലൈവായി കാണാൻ കഴിയുമെന്നതാണ് മറ്റൊരു പ്രതേ്യകത. ഒപ്പം കൂട്ടുകാരി അമ്മിണിയുമുണ്ട്.
എറണാകുളത്തെ രായമംഗലം പഞ്ചായത്തിലെ ഗ്രാമദീപം കുടുംബശ്രീ അംഗമാണ് സരള. ഭാവന ആക്ടിവിറ്റി ഗ്രൂപ്പ് എന്നാണ് സംരംഭത്തിന്റെ പേര്.പട്ടികജാതി വിഭാഗത്തിൽ പെട്ട സരളയുടെ പരമ്പരാഗത കൈത്തൊഴിലും ഉപജീവന മാർഗവും ഇതു തന്നെ. ഉൽപന്നങ്ങൾ നിർമിക്കാനുളള ഈറ്റ അങ്കമാലിയിൽ നിന്നാണ് വാങ്ങുന്നത്. കുടുംബശ്രീയും ഇതര വകുപ്പുകളും സംഘടിപ്പിക്കുന്ന വിപണന മേളകളിലും സരള പങ്കെടുക്കാറുണ്ട്. പന്ത്രണ്ട് വർഷം മുമ്പ് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വ്യാപാര മേളയിലും കുടുംബശ്രീയെ പ്രതിനിധീകരിച്ച് സരള പങ്കെടുത്തിരുന്നു.
