പാലക്കാട്: എസ്.ഐ.ആര്. 2026 കരട് വോട്ടര്‍ പട്ടികയുടെ പ്രകാശനം ജില്ലയില്‍ നടന്നു. ജില്ലാതല പ്രകാശനം പാലക്കാട്, കോങ്ങാട് മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസറായ പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ കെ. മണികണ്ഠന് നല്കി ജില്ലാ കലക്ടര്‍ എം.എസ് മാധവികുട്ടി നിര്‍വഹിച്ചു. ഇതോടൊപ്പം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും കരട് വോട്ടര്‍ പട്ടികയുടെ പ്രകാശനം അതത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്കി നിര്‍വഹിച്ചു.
ഒക്ടോബര്‍ 27 അടിസ്ഥാനമാക്കിയുള്ള വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും (23,31,567) എന്യൂമറേഷന് ഫോം നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച് തിരികെ കിട്ടിയ 21,41,276 ഫോമുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. തിരികെ ലഭിക്കാത്തവരും എ.എസ്. ഡി പട്ടികയില്‍ ഉള്‍പ്പെട്ടവരുമായ 1,90,291 പേരുടെ വിവരങ്ങള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആശങ്കപ്പെടേണ്ടതി ല്ല. പുതിയതായി പേര് ചേര്‍ക്കുന്നതിന് ജനുവരി 22 വരെ ഫോം 6 വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.അവസാന എസ്.ഐ.ആര് നടന്ന 2002മായി ബന്ധം സ്ഥാപിക്കാന്‍ കഴിയാതിരുന്ന 1,61,661 കേസുകള്‍ക്കും ഹിയറിങ് നോട്ടീസ് അയക്കും. ഇത്തരക്കാര്‍ക്ക് ഫെബ്രുവരി 14 വരെ നടക്കുന്ന ഹിയറിങ്ങില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്.
എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളോടും പൂര്‍ണമായ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളും കരട് പരിശോധിച്ച് ആവശ്യമായ സഹായം വോട്ടര്‍മാര്‍ക്കും അധികൃതര്‍ക്കും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. അംഗീ കൃത ദേശീയ സംസ്ഥാന രാഷ്ട്രീയ കക്ഷികള്‍ക്ക് പട്ടികയുടെ പകര്‍പ്പ് സൗജന്യമായി അതാത് ഇ.ആര്.ഒ ഓഫിസുകളില്‍ നിന്ന് ലഭിക്കുന്നതാണ്.ജില്ലാ കലക്ടറുടെ ചേംബ റില്‍ നടന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ ഇലക്ഷന് അസിസ്റ്റന്റ് പി.എ ടോംസ്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
