മണ്ണാര്‍ക്കാട്: നഗരത്തില്‍ കോടതിപ്പടി-ചങ്ങലീരി റോഡില്‍ മിനിസിവില്സ്റ്റേഷന് മുന്‍വശം ഗതാഗതക്കുരുക്ക് പതിവാകുന്നു.തിരക്കേറിയ സമയങ്ങളായ രാവിലേയും വൈകീട്ടുമാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്. കോടതിപ്പടിജങ്ഷന്വരെ ഇതു നീളു ന്നതിനാല്‍ ദേശീയപാതയിലും ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.വീതികുറവുള്ള റോഡും നടപ്പാതകളില്ലാത്തതും റോഡരികിലായുള്ള വൈദ്യുതി-ടെലിഫോണ്‍ തൂണു കളുമാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം.കോടതിപ്പടി ജങ്ഷന് മുതല്‍ പോത്തോഴിക്കാവ്-നമ്പിയാംകുന്ന് റോഡിലേക്ക് തിരിയുന്ന ഭാഗംവരെയുള്ള അരകിലോമീറ്റര്ദൂരത്തിലാണ് പ്രധാനമായും വാഹനത്തിരക്ക് അനുഭവപ്പെടുന്നത്. ദേശീയപാതയിലേക്ക് വാഹനങ്ങള്‍ ഇറങ്ങുകയും ചങ്ങലീരി റോഡിലേക്ക് കയറുകയും ചെയ്യുമ്പോള്‍ ജങ്ഷനിലെ തിരക്ക് മിനിസിവില്സ്റ്റേഷന്വരെ നീളും. ഒരേസമയം വലിയ രണ്ടുവാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ കടന്നുകിട്ടാന്‍ ഏറെ സമയമെടുക്കുന്നു. സ്കൂള്‍ ബസുകളും മറ്റു സര്‍വീസ് ബസുകളുമെല്ലാം ഈ തിരക്കില്പ്പെടുന്നു. ചങ്ങലീരി ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങളെ നമ്പിയാംകുന്ന് വഴി ദേശീയപാതയിലേക്ക് വഴിതിരിച്ചുവിടാന്‍ ഈ ഭാഗത്ത് പൊലിസ് സേവനമുണ്ട്. എന്നാല്‍ പൊലിസില്ലാത്ത സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചെറിയദൂരത്തില്‍ സംഭവിക്കുന്നത്. റോഡരികിലായുള്ള വൈദ്യുതി തൂണുകളും ടെലിഫോണ്‍ തൂണുകളും വഴിമുടക്കുന്നുണ്ട്. കാല് നടയാത്രക്കാര്‍ക്ക് റോഡിലേക്കിറങ്ങിനടക്കേണ്ട ഗതികേടാണ്. സ്ത്രീകളും കുട്ടിക ളുമുള്പ്പടെയുള്ളവരാണ് പ്രയാസത്തിലാകുന്നത്. റോഡരികില്‍തന്നെ ഓട്ടോറിക്ഷ സ്റ്റാന്ഡുകളുമുള്ളതിനാല് റോഡുവശങ്ങളിലേക്കിറങ്ങാനും തരമില്ല. ഈ റോഡ് വീതികൂട്ടി നവീകരണപ്രവൃത്തികള്‍ ചെയ്യണമെങ്കില്‍ റീ സര്‍വേ പൂര്‍ത്തീകരിക്ക ണമെന്നാണ് പൊതുമരാമത്ത് റോഡ് വിഭാഗം പറയുന്നത്. എങ്കില്‍മാത്രമേ റോഡിന്റെ അതിര് ഏതുവരെയാണെന്നും സ്വകാര്യവ്യക്തികളുടെ സ്ഥലത്തിന്റെ അതിര്‍ത്തി ഏതാണെന്നും തിട്ടപ്പെടുത്താനാവൂ.
