മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡിലെ ആദ്യറീച്ചില്‍ അവശേഷിക്കുന്ന രണ്ടുകിലോമീറ്റര്ദൂരത്തിന്റെ പ്രവൃത്തികള്‍ തുടങ്ങിയില്ല. ഡിസംബര്മാസത്തില് ടാറിങ് പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരന് ഉറപ്പുനല്‍കിയിരുന്നു. ഫലത്തില്‍ ചുരമിറങ്ങിയാല്‍ ആദ്യ രണ്ടുകിലോമീറ്റര്‍ദൂരം കുഴികളും പൊടിശല്യവും സഹിക്കേ ണ്ട ഗതികേടിലായി യാത്രക്കാര്‍. നീണ്ട പ്രതിഷേധങ്ങള്‍ക്കുശേഷമാണ് ആഴ്ചകള്‍ക്ക് മുന്‍പ് തെങ്കരമുതല് ചിറപ്പാടംവരെയുള്ള രണ്ടുകിലോമീറ്റര്‍ദൂരം ആദ്യഘട്ടടാറിങ് നടത്തിയത്. മണ്ണാര്‍ക്കാടുനിന്ന് ചിറപ്പാടംവരെയുള്ള ആറുകിലോമീറ്റര്ദൂരം ഇതോടെ യാത്രയ്ക്ക് സുഗമമായി. എന്നാല്‍ ആനമൂളിവരെയുള്ള റോഡിന്റെ അവസ്ഥ പരിതാ പകരമാണ്. ഇത്രയുംദൂരം റോഡ് നവീകരിക്കണമെങ്കില്‍ പരമാവധി മൂന്നുമാസമെങ്കി ലും വേണ്ടിവരുമെന്ന് കെ.ആര്.എഫ്.ബി. അധികൃതരും പറയുന്നു.
പ്രവൃത്തികള്‍ ഇടവേളയില്ലാതെ തുടരണമെങ്കില്‍ ഒരു കലുങ്ക് മുഴുവനായും മറ്റൊന്നി ന്റെ പകുതിഭാഗവും പൂര്‍ത്തിയാക്കാനുമുണ്ട്. നിലവില്‍ കലുങ്ക് നിര്‍മിക്കുന്നതിനു മുന്‍പായുള്ള സംരക്ഷണഭിത്തിക്കുള്ള മണ്ണെടുക്കല്മാത്രമാണ് ഇവിടെ നടക്കുന്നത്. മരങ്ങള്മുറിച്ചുനീക്കുന്ന പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്. പ്രവൃത്തികള്‍ക്ക് തടസം സൃഷ്ടിക്കുന്ന റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന മരങ്ങളാണ് ആദ്യംമുറിച്ചുനീക്കുന്നത്. അപകടകരമായ രീതിയില്നില്ക്കുന്ന വലിയഒരു മരംമുറിക്കുന്നതിന് മൂന്നുദിവസ ത്തില്‍കൂടുതല്‍ വേണ്ടിവരുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. കെ.എസ്.ഇ.ബി യുടെ സഹായവും ഇതിന് ആവശ്യമാണ്. വളവുകളില്‍ റോഡ് വീതികൂട്ടേണ്ടതുമുണ്ട്. ചിറപ്പാടത്തുനിന്ന് അഴുക്കുചാലുകളുടെ പ്രവൃത്തികളും തുടങ്ങിയിട്ടില്ല. ഇതിനാല്‍ റോഡ് നവീകരണം ആദ്യറീച്ചില്‍ പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങളെടുക്കും. വൈദ്യുതിതൂണുകളും മാറ്റേണ്ടതുണ്ട്.
നിലവില്‍, പൊട്ടിപൊളിഞ്ഞ റോഡിലൂടെ ആംബുലന്‍സുകള്‍ക്കുപോലും പതിയെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. പൊടിശല്യവും രൂക്ഷമാണ്. അടുത്തിടെ ടാറിങ് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ നടത്തിയതിന്റെ ബില്‍തുക ലഭിച്ചാലുടന്‍ പണികള്‍ തുടങ്ങുമെന്നാണ് കരാറുകാരന് അറിയിച്ചിട്ടുള്ളതെന്ന് കെ.ആര്.എഫ്ബി. ഉദ്യോഗ സ്ഥര്‍ പറഞ്ഞു. ഇതുവരെ ബില്ലില്‍ കാലതാമസം നേരിട്ടിട്ടില്ല. ഇത് അനുവദിച്ചു കിട്ടുന്നതുവരെയുള്ള ഇടവേളയില്‍ കരാറുകാരന് അടുത്തഘട്ടം പ്രവൃത്തികള്‍ തുടങ്ങാത്തതാണ് നവീകരണം വൈകുന്നതിന് കാരണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2023 ഓഗസ്റ്റില്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോഴും പൂര്‍ത്തിയാകാത്തത്.
