മണ്ണാര്‍ക്കാട്: വിശ്രമജീവിതത്തിലും കഥകളിപഠനവുമായി മൂന്ന് അധ്യാപകര്‍. കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനാ യിരുന്ന മണ്ണാര്‍ക്കാട് ശിവന്‍കുന്ന് വൈഷ്ണവത്തില്‍ കെ.എസ് സതീഷ്്കുമാര് (58), കോ ട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്സെക്കന്ഡറിസ്കൂള് പ്രിന്‍സിപ്പലായിരുന്ന അല നല്ലൂര് ഭീമനാട് ഐശ്വര്യയില്‍ പി. ജയശ്രീ (59), ഇതേ സ്കൂളിലെ യു.പി. വിഭാഗം അധ്യാ പികയായിരുന്ന അലനല്ലൂര്‍ ഭീമനാട് കൈവല്യത്തില്‍ കെ.എ. രതി(58) എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.
ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു അരങ്ങേറ്റം. കലയിലും പ്രായമൊരു അക്കംമാത്രമാണെന്ന് തെളിയിച്ച് ചുവടുകളും മുദ്രകളും ഭാവങ്ങളുമായി മൂന്നുപേരും ആട്ടവിളക്കിന് മുന്നില്‍ ശോഭിച്ചു. മലയാളം അധ്യാപകരായിരുന്നു മൂന്നുപേരും. ഒരു സബ് ജില്ലാ കലോത്സവത്തില്‍ രചനാമത്സര ങ്ങള്‍ക്ക് വിധികര്‍ത്താക്കളായി എത്തിയപ്പോഴുള്ള ചര്‍ച്ചകള്‍ക്കിടെയാണ് കഥകളി പഠനമെന്ന ആശയം ഇവര്‍ പങ്കുവെച്ചത്. ശ്രീകൃഷ്ണപുരം കുറുവട്ടൂര് നാണുനായര് സ്മാരക കലാകേന്ദ്രത്തില്‍ 70-ാംവയസില്‍ കഥകളിപഠിച്ച് അരങ്ങേറ്റം നടത്തിയ ആളുടെ കഥയും പ്രചോദനമായി.
ജയശ്രീ 20023ലാണ് വിരമിച്ചത്. 2024 മേയ് മാസത്തില്‍ സതീഷ്കുമാറും രതിയും വിരമിച്ചു. എന്നാല്‍ 2024 ഫെബ്രുവരിയില്‍തന്നെ മൂവരും കലാകേന്ദ്രത്തില്പഠന ത്തിനുചേര്ന്നു. സിനിമാനടന് വിനീത്, രാജേഷ് ഹെബ്ബാര്‍, സിനിമ -സീരിയല്‍നടി ദേവിചന്ദന തുടങ്ങി പ്രായഭേദമെന്യേ നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത കലാമണ്ഡലം നാരായണന്‍കുട്ടിയായിരുന്നു ഇവരുടെ ഗുരു. പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകള്‍ ‘ കാല്സാധക ‘ ത്തില്‍ ആദ്യമൊക്കെ ബുദ്ധിമുട്ടിച്ചെങ്കിലും ആറുമാസംകഴിഞ്ഞതോടെ കഥകളിയും വഴങ്ങുമെന്ന് മനസിലായതായി സതീഷ്കുമാര്‍ പറഞ്ഞു. ചിട്ടയായ പഠനമായിരുന്നു പിന്നീട് മൂവരും. അരങ്ങേറ്റവും ഗുരുവായൂരില്തന്നെയാകണമെന്നും ഉറപ്പിച്ചിരുന്നു. കഥകളി മേഖലയില്‍ കൂടുതല്‍ പ്രാവീണ്യം നേടണമെന്നാണ് ഇവരുടെ ആഗ്രഹം.
