തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച വികസിത് ഭാരത് ശിക്ഷാ അധി സ്ഥാന് ബില്‍, 2025 ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടി ക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര് ബിന്ദു. ഫെഡറല്‍ തത്വങ്ങളുടെ പൂര്‍ണമായ ലംഘനമാണിതെന്നും സെക്രട്ടേറിയറ്റിലെ പി.ആര്. ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട ഉന്നത വിദ്യാഭ്യാസത്തെ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലേക്ക് കൊണ്ട് വരുന്ന ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലോസ് 45, 47 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ചാകും വ്യത്യസ്ത കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പരിമിതമായ ഗ്രാന്‍ഡ് പോലും ഇല്ലതാക്കി എല്ലാ ഫണ്ടിങ്ങും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വഴി ആക്കി മാറ്റിയിട്ടുണ്ട്. ഇത് വഴി കേന്ദ്ര വിദ്യാഭ്യാസ നയങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കും. മാത്രമല്ല, കേരളം പോലെ കേന്ദ്ര നയങ്ങളെ ചെറുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് ഒന്നും ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കരിക്കുലം, സിലബസ് എന്നീ മേഖലകളില്‍ അടക്കം കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടാനുള്ള അവസരം ബില്‍ നല്‍കുന്നുണ്ട്. ഇത് വലിയ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കും. കേരളം മാറ്റി നിര്‍ത്തിയ യു.ജി.സിയുടെ ഇന്ത്യന്‍ നോളജ് സിസ്റ്റം അടക്കം ഇത് വഴി കരിക്കുലത്തില്‍ വരും. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെ ഫൈന്‍ ചുമത്താന്‍ അധികാരം നല്‍കുന്നുണ്ട്. പൂര്‍ണമായും സംസ്ഥാന ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇത് വഴി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ബന്ധിക്കും. കമ്മീഷന്റെ നിര്‍ദേശം അനുസരിക്കാത്ത സ്ഥാപനങ്ങളെ അടച്ചു പൂട്ടാന്‍ വരെ ഈ ബില്‍ കമ്മീഷന് അധികാരം നല്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
