മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ പൊതുജീവിതത്തിലും പാലക്കാടിന്റെ രാഷ്ട്രീയ-സാമൂഹ്യമേഖലയിലും തന്നെ പറിച്ചുമാറ്റാനാവില്ലെന്ന് കെടിഡിസി ചെയര്മാന് പി.കെ.ശശി. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമായി കുലിക്കിലിയാട് എസ് വിഎ യുപി സ്കൂളില്‍ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ പാര്‍ട്ടിയെ മണ്ണാര്‍ക്കാട് വളര്‍ത്തികൊണ്ടു വരുന്നതില്‍ ഏറ്റവും നിര്‍ണായകമായ ഒരുപങ്കു വഹിച്ച ഒരാളാണ് താന്‍. അത്, ആരുടെയും മുന്പില് നെഞ്ചുവിരിച്ചു പറയാന്‍ ഇന്നലേയും കഴിഞ്ഞിട്ടുണ്ട്. ഇന്നും കഴിയും നാളെയും പറയാന്‍കഴിയും. പാര്‍ട്ടിക്ക് മണ്ണാര്‍ക്കാട് ഏറ്റവും ബലഹീനമായ ഒരു കാലമുണ്ടായിരുന്നു. ജാഥപോകുമ്പോള് പലരും പാര്‍ട്ടി ഓഫീസിന്റെ വാതി ലടച്ചകാലമുണ്ടായിരുന്നു. അതിനെ മറികടന്ന് വേറൊരു നിലയിലേക്ക് പ്രസ്ഥാനത്തെ എത്തിക്കാന്‍ കഴിഞ്ഞു. അതില്‍, പാര്‍ട്ടി ഉന്നതനേതൃത്വത്തിന്റെ പൂര്‍ണമായ പിന്തു ണയും ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ജില്ലയുടെ രാഷ്ട്രീയ-സാമൂഹ്യ മേഖലയില്‍ നിന്ന് പറിച്ചുമാറ്റാനാവില്ലെന്ന് ഉറപ്പിച്ചുതന്നെപറയാം. കഴിഞ്ഞകുറേകാലമായി മണ്ണാ ര്‍ക്കാടിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായ സാനിധ്യമുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ സജീവസാനിധ്യം ഉണ്ടായിട്ടില്ല. അങ്ങനെ ഇല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കെല്‍പ്പ് പ്രസ്ഥാനത്തിനുണ്ടായി എന്നുവേണം കരുതാന്‍. തന്നെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. പുതുതലമുറയിലെ കഴിവും ഗുണമേന്മയുമുള്ള യുവത്വം മണ്ണാര്‍ക്കാടുണ്ട്. അവരെ ആയുസിലൊരിക്കലും തള്ളികളയില്ല. അവര്‍ എന്നേയും ‘ പി.കെ. ശശി പറഞ്ഞു. സിപിഎമ്മിനെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം അസംതൃപ്തര്‍ മത്സരിക്കുന്നതെന്ത് ചോദിക്കാനുള്ള ബാധ്യത തനിക്കില്ലെന്നും അതെല്ലാം ഉന്നതന്മാരായ ആളുകള്‍ ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
