പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിങ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ആരംഭിച്ചു. ഇന്നും നാളെയും കാന്‍ഡിഡേറ്റ് സെറ്റിങ് തുടരും. സ്ഥാനാര്‍ഥി യുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബല്‍ വോട്ടിങ് മെഷീനില്‍ സജ്ജീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന പ്രക്രിയയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്. സ്ഥാനാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ സജ്ജ മാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്ട്രോള് യൂണിറ്റുമാണ് സജ്ജമാക്കുന്നത്. നഗരസഭാ, കോര്പ്പറേഷന് തലത്തില്‍ ഒന്നു വീതം ബാലറ്റ് യൂണിറ്റും കണ്ട്രോള് യൂണിറ്റുമാണ് സെറ്റ് ചെയ്യുന്നത്.സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെ യും സാന്നിധ്യത്തിലാണ് കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബല്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമാണ്. നഗരസഭകളുടെ കാര്യത്തില്‍ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്. കാന്‍ഡിഡേറ്റ് സെറ്റിങിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ മെഷീനുകളിലും മോക്ക്പോള്‍ നടത്തും. സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും സ്ഥാനാര്‍ഥി കളേയും മോക്പോളിന്റെ ഫലം കാണിച്ച ശേഷം മോക്ക് പോള്‍ ഫലം ഡിലീറ്റ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം മെഷീനുകള്‍ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും.
