മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ തീവ്രവോട്ടര്‍ പട്ടികപരിഷ്കരണ പ്രവര്ത്തനപുരോഗ തിയില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം ഞായറാഴ്ച ഒന്നാംസ്ഥാനത്ത് എത്തി. 181 ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേന മുഴുവന്‍ എന്യൂമറേഷന് ഫോമുകള്‍ വിതരണം ചെയ്തു. ഫോം ഡിജിറ്റലൈസേഷനില്‍ 33.36ശതമാനം പൂര്‍ത്തിയാക്കിയാണ് ഞായറാഴ്ച മണ്ണാര്‍ക്കാട് മണ്ഡലം ഒന്നാംസ്ഥാനത്തെത്തിയത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശതമാനമാണിത്. മണ്ഡലത്തിലെ 180-ാം നമ്പര്‍ ബൂത്തിലെ ശിങ്കംപാറ ബൂത്ത് ലെവല്‍ ഓഫിസര്‍ കുഞ്ഞുമോന് തോമസ്, തിരുവിഴാംകുന്ന് അമ്പലപ്പാറ 14-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.എ. ഐ.സാനിര്‍ എന്നിവര്‍ നൂറുശതമാനം ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഈ നേട്ടം കൈവരിക്കുന്നതിനായി പരിശ്രമിക്കുന്ന എല്ലാ ബൂത്ത് ലെവല്‍ ഓഫിസര്‍മാരെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ്, കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റേഞ്ചര്‍ റോവര്‍, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ്, അട്ടപ്പാടി ഐ.എച്ച്.ആര്.ഡി. കോളജ്, രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജ് ഇലക്ട്രറല്‍ ലിറ്ററസി ക്ലബുകള്‍, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മണ്ണാര്‍ക്കാട് അസി. ഇലക്ട്രറര് രജിസ്ട്രേഷന് ഓഫിസര്‍ കൂടിയായ തഹസില്‍ദാര്‍ സി.സി ജോയ് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളിലും എന്യുമറേഷന് ഫോമുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
