അലനല്ലൂര്‍: കാട്ടുകുളം മില്ലുംപടി ഭാഗത്ത് പുലിയെ കണ്ടെന്ന്. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വിവരമറിയിച്ചപ്രകാരം ആര്.ആര്.ടിയും വനപാലകരുമെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയില്‍ വാഹനത്തില്‍ വരുന്നതിനിടെയാണ് നിര്‍ദിഷ്ടമലയോര പാതയില്‍ പുലിയെ കണ്ടതെന്ന് വട്ടത്തൊടി യൂസഫ് പറയുന്നു. മഴവെള്ളച്ചാലിനായി പണിത സ്ലാബിന് മുകളില്‍ കൈവെച്ച് നിന്ന പുലിയെ 30മീറ്റര്‍ ദൂരത്ത് നിന്നും വാഹനത്തിന്റെ വെളിച്ചത്തില്‍ കൃത്യമായി കണ്ടെന്നാണ് യൂസഫ് പറയുന്നത്. റോഡിലേക്ക് ചാടിയ വന്യജീവി പൊന്തക്കാട്ടിലേക്ക് മറയുകയായിരുന്നു. ഇക്കാര്യം ഉടന്‍ സമീപത്തുണ്ടായിരുന്ന യുവാക്കളെ അറിയിച്ചു.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വന്യജീവിയെ കണ്ടെത്താനായില്ല. പാതയുടെ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കൃത്യമായ കാല്‍പ്പാടുകളും സ്ഥലത്ത് തെളിഞ്ഞിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് ആര്.ആര്.ടിയും, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുമെത്തി സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകളൊന്നും കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് കണ്ടത് പുലിയാണെന്ന് ഉറപ്പിക്കുന്നതരത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വനപ്രദേശത്ത് നിന്നും കിലോമീറ്ററുകള്‍ മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാട്ടുകുളം. പ്രദേശത്ത് പട്രോളിങ് നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
