കോങ്ങാട് : കോങ്ങാട് സാമൂഹികാരോഗ്യ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും, നവീകരിച്ച കെട്ടിടത്തിന്റെയും ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റിന്റെയും ഉദ്ഘാടനവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. പൊതുജനാരോഗ്യ യൂണിറ്റിനുള്ള വിവര സാങ്കേതിക ഉപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു.സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഷണല്‍ ഹെല്‍ത്ത് മിഷന് വഴി നല്കിയ 37.5 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം ഹെല്‍ത്ത് ഗ്രാന്റ് എന്നിവയിലൂടെ 2021-2025 വരെയുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച തുകയും ചേര്‍ത്ത് ഒരു കോടി 31 ലക്ഷം രൂപയുടെ നവീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. എല്‍.ഇ.ഡി. ലൈറ്റുകള്‍ ഫിറ്റ് ചെയ്ത സീലിങും, 6000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കാത്തിരിപ്പ് സ്ഥലവും, ഫാര്‍മസി, ഓഫിസ്, വാര്‍ഡുകള്‍, ഒ.പി. മുറികള്‍, രജിസ്ട്രേഷന് സൗകര്യം, പൊതുജനാരോഗ്യ യുണിറ്റ്, ലാബ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.കോങ്ങാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെ. ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.നന്ദിനി, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്, വൈസ് പ്രസിഡന്റ് എം.പി ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി ശശിധരന്, എം.എസ് അബ്ദുല്‍ സലീം, ജൂനിയര്‍ അഡ്മീനി സ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അരുണ്‍ മിത്ര വി.വി , സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ആര് മൈനാവതി, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്.സയന, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിസിമോന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
