മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച് തിയതികളിലായി കെ.ടി.എം. ഹൈസ്കൂള്‍, ജി.എം. യു.പി. സ്കൂള്‍, മണ്ണാര്‍ക്കാട് എ.എല്‍.പി. സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ഒന്നിന് രാവിലെ ഒമ്പതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ പതാക ഉയര്‍ത്തും. കലോത്സവത്തിന്റെ ഉദ്ഘാടനം മൂന്നിന് രാവിലെ 9.30ന് എന്‍. ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിയ്ക്കും. കെ. പ്രേംകുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. സമാപന സമ്മേളനം അഞ്ചിന് വൈ കുന്നേരം നാലിന് കെ. ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയ ര്‍പേഴ്സണ്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും. 125 സ്കൂളുകളില്‍ നിന്നായി 5348 പേര് 351 ഇനങ്ങളിലായി മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച്ച രജിസ്ട്രേഷന് നടക്കും. കലോത്സവത്തിനോടൊപ്പം തന്നെ ഉറുദു, തമിഴ് കലോത്സവവും നടക്കുന്നുണ്ട്. തമിഴ് കലോത്സവം അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തി ലെ മുട്ടത്ത്കാട് ഗവ. ഹൈസ്കൂളിലാണ്. നാല് ദിവസങ്ങളിലായി 13 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രധാനപ്പെട്ട നദികളുടെ പേരാണ് വേദികള്ക്കുള്ളത്. എല്‍.പി. വിഭാഗത്തില്‍ നാല് സോണല്‍ കലോത്സവങ്ങള്‍ നടത്തിയാണ് മത്സരാര്‍ഥികളെ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് വ്യക്തിഗത ട്രോഫികള്‍ നല്‍കുകയും ഓരോ വിഭാഗത്തിലും ആദ്യമൂന്നു സ്ഥാനങ്ങളിലുള്ള സ്കൂളുകള്‍ക്ക് ഓവറോള്‍ ട്രോഫികളും നല്‍കും. എല്ലാ വിഭാഗങ്ങളിലുമായി പൊയിന്റ് നിലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന സ്കൂളുകള്‍ക്ക് ഓവറോള്‍ ട്രോഫിയും നല്‍കും.
പങ്കെടുക്കുന്ന കുട്ടികള്‍ക്കും കൂടെയുള്ള അധ്യാപകര്‍ക്കും ഭക്ഷണം, ആവശ്യമായ വൈദ്യസഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന പാര്‍ക്കിങിനുള്ള സജ്ജീകരണ വുമുണ്ട്. കലോത്സവത്തില്‍ പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പാലിക്കും. പൊലിസ്, ആരോഗ്യ പ്രവര്‍ത്തകര്‍ ,ഹരിതകര്‍മ്മ സേന ,സ്കൂളിലെ വിവിധ സന്നദ്ധ സംഘടന കള്‍ തുടങ്ങിയവരുടെ സഹകരണമുണ്ടാകും. കലോത്സവത്തിന്റെ വിജയത്തിനായി 12 സബ് കമ്മിറ്റികളുമുണ്ട്.വാര്‍ത്താ സമ്മേളനത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി അബൂബക്കര്‍ , എച്ച് എം ഫോറം കണ്‍വീനര്‍ എസ്.ആര്. ഹബീബുള്ള ,സിദ്ദിഖ് പാറോക്കോട്, പി. ജയരാജ് , ടി.പി. മന്‍സൂര്‍ അലി , സി.എന്‍. ശശിധരന്, എ. ശ്രീലാല്‍ എന്നിവര്‍ പങ്കെടുത്തു.
