തെങ്കര: തത്തേങ്ങലം താന്നിയംകാടില് വനത്തിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മേയാന്‍വിട്ട പശുക്കിടാവിനെ വന്യജീവി ആക്രമിച്ച് കൊന്നു. ആക്രമിച്ചത് കടുവയാണെന്ന് ഉടമ പറഞ്ഞു. വിവരമറിയിച്ചപ്രകാരം വനപാലകരെത്തി പരിശോധ ന നടത്തി. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മേലേതില്‍ ബഷീറിന്റെ ഒന്നരവയസ്സുള്ള പശുക്കിടാവിനെയാണ് വന്യജീവി കൊന്നത്. തന്റെ കണ്മുന്നില് വെച്ചാണ് കിടാവിനെ കടുവ ആക്രമിച്ചതെന്ന് ബഷീര്‍ പറയുന്നു.
രണ്ട് പശുക്കളും രണ്ട് കിടാങ്ങളും പത്തോളം ആടുകളെയുമാണ് സ്ഥലത്ത് മേയാന്‍ വിട്ടിരുന്നത്. പൊടുന്നനെയെത്തിയ കടുവ പശുക്കിടാവിനെ പിടികൂടുകയായിരുന്നു. കഴുത്തില്‍ കടിച്ചശേഷം കിടാവിനെയും കൊണ്ട് മൂന്ന് തവണ മറിഞ്ഞു. ഇതോടെ കിടാവ് ചത്തു. ഈസമയം പത്ത് മീറ്റര്‍ മാത്രം അകലെയായാണ് ബഷീര്‍ നിന്നിരുന്നത്. കിടാവിനെ ആക്രമിക്കുന്നത് കണ്ട് ബഷീര്‍ ഒച്ചവെച്ചതോടെ കിടാവിനെ ഉപേക്ഷിച്ച് കടുവ ഓടി. എന്നാല്‍ രണ്ട് തവണ വീണ്ടും വന്യജീവി വന്നെന്നും ഒച്ചവെച്ചപ്പോള്‍ ഓടിമറയുകയായിരുന്നുവെന്നും ബഷീര്‍ പറഞ്ഞു. തുടര്‍ന്ന് ആളുകളെ വിളിച്ചുകൂട്ടി. വിവരം വനംവകുപ്പിനേയും അറിയിച്ചു. ഇതുപ്രകാരം മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.എം അഷ്റഫിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥലത്ത് വന്യജീവിയുടെ കാല്പാടുകള് കണ്ടെത്തിയെങ്കിലും മഴപെയ്തതുകാരണം കൂടുതല്‍ വ്യക്തമല്ലെന്നും നഷ്ടപരിഹാരത്തിന് അപേക്ഷസമര്‍പ്പിക്കാന്‍ ബഷീറിനോട് നിര്‍ദേശിച്ചതായി ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തത്തേങ്ങലത്ത് വനാതിര്‍ത്തിയിലുള്ള റോഡരുകില്‍ മേയാന്‍വിട്ട പുത്തന്‍പുരക്കല്‍ അബ്ബാസിന്റെ ആടിനെ വന്യജീവി പിടികൂടിയിരുന്നു. അന്നും കടുവയാണ് ആക്ര മിച്ചതെന്നാണ് ഉടമപറഞ്ഞത്. ഭാഗ്യവശാലാണ് ആടിന്റെ ഉടമ വന്യജീവിയില്‍ നിന്നും രക്ഷപ്പെട്ടത്. തത്തേങ്ങലത്ത് നിരവധി തവണ പുലിശല്യമുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയും പ്രദേശത്ത് അടിക്കാടുകള്‍ വെട്ടിത്തെളി ക്കുന്ന പ്രവൃത്തികളുള്പ്പടെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
