കീഴായൂർ: ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന ഒരു കാലഘട്ടത്തിലൂ ടെയാണ് സംസ്ഥാനം ഇപ്പോൾ കടന്നു പോകുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ അകറ്റി സംസ്ഥാനത്തെ നവകേരളത്തിലേക്ക് എത്തിക്കാനുള്ള വലിയ ശ്രമമാണ് സർക്കാർ നടത്തുന്നത്. നവംബർ ഒന്നിന് കേരളത്തെ തീവ്രദാരിദ്ര്യം ഇല്ലാത്ത നാടായി പ്രഖ്യാപിക്കുന്നതോടെ സംസ്ഥാന ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേർക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കീഴായൂർ സെന്റർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ചെറിയ കാലയളവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇത്രയധികം വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന് സാധിച്ചു എന്നത് വലിയൊരു നേട്ടമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടന വേദികൾ ഒരുങ്ങുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സർക്കാരിന്റെ കാലത്ത് മഹാഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്മാർട്ടായി മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അങ്കണവാടികൾ മുതൽ ഇത് കാണാൻ സാധിക്കും. എൽ.പി. സ്കൂളുകളിൽ ഉൾപ്പെടെ പ്രീ-പ്രൈമറി ക്ലാസ് മുതൽ സ്മാർട്ട് ക്ലാസ് മുറികളായി മാറുകയാണ്. ഹയർസെക്കൻഡറി വരെയുള്ള ക്ലാസുകളിൽ നാല്പത്തി അയ്യായിരത്തിൽപരം ക്ലാസ് മുറികൾ ഏറ്റവും ആധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് മുറികളായി മാറിയെന്നും മന്ത്രി പറഞ്ഞു.
കീഴായൂർ സെന്റർ അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ. രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
