2157 ബൂത്തുകള്‍ സജ്ജം
പാലക്കാട് : പോളിയോ രോഗത്തെ ഇല്ലാതാക്കാനായി ഒക്ടോബര്‍ 12-ന് രാജ്യത്തുടനീളം നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിക്ക് ജില്ലയില്‍ ക്രമീകരണ ങ്ങള് പൂര്‍ത്തിയായതായി. ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള 1,92,960 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. 2157 ബൂത്തുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 1,92,597 കുട്ടികള്‍ക്കും 363 അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും തുള്ളിമരുന്ന് ഉറപ്പാക്കും.
സബ് നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഡേ (എസ്.എന്‍.ഐ.ഡി)യുടെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം. ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ബസ്സ്റ്റാന്റുകള്, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ പൊതു ഇടങ്ങളിലും ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ, അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കായി മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും വോളന്റിയര്മാരുമാണ് തുള്ളിമരുന്ന് വിതരണത്തിന് നേതൃത്വം നല്‍കുക.
പള്‍സ് പോളിയോ ദിനത്തില്‍ വാക്സിന് ലഭിക്കാത്ത കുട്ടികളെ കണ്ടെത്താനും പ്രതിരോധം ഉറപ്പാക്കാനും പ്രത്യേക ക്രമീകരണങ്ങളുണ്ട്. ആദ്യദിനം മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്കായി തുടര്‍ ദിവസങ്ങളില്‍ വോളന്റിയര്‍മാര്‍/ ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ പോയി തുള്ളിമരുന്ന് നല്‍കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എം.എല്‍.എ. കെ. ശാന്തകുമാരി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി റോഷ്, ജില്ലാ ആര്.സി.എച്ച് ഡോ.എ.കെ അനിത, ജില്ല വിദ്യാഭ്യാസ മാധ്യമ ഓഫിസര്‍ എസ്. സയന, ഡെപ്യൂട്ടി വിദ്യാഭ്യാസ മാധ്യമ ഓഫിസര്‍ രജിത, ഡിപിഎച്ച്എന്‍ രമ എന്നിവര്‍ പങ്കെടുത്തു.
