തച്ചനാട്ടുകര: ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തിയുള്ള ശിശുസൗഹൃദഗ്രാമം പദ്ധതിയുടെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്ത് നടത്തിയ ഹെല്‍ത്തി ബേബിഷോ 2025 ശ്രദ്ധേയമായി. പഞ്ചായത്ത് പരിധിയിലെ 26 അങ്കണവാടികളില്‍ നിന്നും തിര ഞ്ഞെടുക്കപ്പെട്ട 52 കുഞ്ഞുങ്ങളും അവരുടെ അമ്മമാരും പഞ്ചായത്തുതല ഷോയില്‍ പങ്കെടുത്തു. മികച്ച അമ്മ, ആരോഗ്യമുള്ള കുഞ്ഞ് എന്നതായിരുന്നു മത്സരത്തിന്റെ പ്രമേയം. പ്രതിരോധ കുത്തിവെപ്പുകള്‍, അമ്മമാര്‍ക്കുള്ള ആരോഗ്യപ്രശ്നോത്തരി എന്നിവയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് മികച്ച ആരോഗ്യമുള്ള കുഞ്ഞിനെ തിരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ആറ്റബീവി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി ബുഷ്റ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ വിനോദ്, ഇല്യാസ് കുന്നുംപുറത്ത്, പി.ടി സഫിയ, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ രമാദേവി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്, എല്‍.എച്ച്.ഐ. റുഖിയ, കെ.ടി ജലീല്‍, ജെ. എച്ച്.ഐ.പ്രിയന് പാലോട്, യു.ഹസീന, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ പങ്കെടുത്തു.
