മലപ്പുറം : ഒരുകാലത്ത് മലപ്പുറം പുളിയേറ്റുമ്മല്‍ പ്രദേശത്തുകാര്‍ക്ക് തീരാദുരിതം സമ്മാനിച്ച ട്രഞ്ചിങ് ഗ്രൗണ്ട് പൂവാടിയാവാനൊരുങ്ങുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരമാണ് മലപ്പുറം നഗരസഭയിലെ അഞ്ചേക്കര്‍ വരുന്ന പുളിയേറ്റുമ്മല്‍ ട്രെഞ്ചിംഗ് ഗ്രൗണ്ട് ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് മാലിന്യമുക്തമാക്കിയത്. ലോക ബാങ്കിന്റെയും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഇരുപത് നഗരഭരണ പ്രദേശങ്ങളിലാണ് മാലിന്യ കൂനകള്‍ നീക്കം ചെയ്ത് ഭൂമി തിരിച്ചെടുക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ ആദ്യമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നത് മലപ്പുറം നഗരസഭയ്ക്ക് അഭിമാനകരമായ നേട്ടമാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കണ്വെന്ഷന് സെന്റര്‍, കോര്‍ട്ട്, ടര്‍ഫ് ഗ്രൗണ്ട്, പാര്‍ക്ക്, ഓപ്പണ്‍ ജിം ഉള്‍പ്പെടെ സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി. അതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ചെയര്മാന് മുജീബ് കാടേരി പറഞ്ഞു.
മലപ്പുറം നഗരസഭാപ്രദേശത്ത് നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. മാലിന്യനിക്ഷേപം നിര്‍ത്തിവച്ചിട്ടും സമീപവാസികള്‍ക്ക് ഇത് ദുരിതമായി തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയത്. നാലടി താഴ്ചയില്‍ മാലിന്യങ്ങള്‍ കുഴിച്ചെടുക്കുക എന്ന ജോലി ഏറെ ശ്രമകരമായിരുന്നു. പതിനായിരത്തി എണ്ണൂറ് മെട്രിക് ക്യൂബ് മാലിന്യമാണ് പുറത്തെടുത്ത് വേര്‍തിരിച്ചത്. കമ്പി, മണല്‍, കല്ല് തുടങ്ങി വിവിധ വസ്തുക്കള്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് വേര്‍തിരിച്ചു. വേര്‍തിരിച്ച വസ്തുക്കള്‍ ഫാക്ടറികളിലേക്കും, നിര്‍മ്മാണ മേഖലയിലേക്കും സുരക്ഷിതമായി എത്തിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യം സിമന്റ് ഫാക്ടറികളിലെ ഫര്‍ണസുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു. ഇത്തരത്തിലാണ് ശാസ്ത്രീയമായ മാലിന്യസംസ്കരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്. മാലിന്യമുക്തമാക്കി തിരിച്ചുപിടിച്ച ഭൂമി നിരപ്പാക്കുക കൂടി ചെയ്തതോടെ ഏത് തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ പഴയ ട്രഞ്ചിങ് ഗ്രൗണ്ട് മാറിക്കഴിഞ്ഞു. പ്രദേശത്തെ കിണറുകളിലെല്ലാം ഇപ്പോള്‍ ശുദ്ധജലമാണെന്ന് പരിസരവാസികളും സാക്ഷ്യപ്പെടുത്തുന്നു.
ഇരുപത് സ്ഥലങ്ങളിലും പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് ആദ്യമായി ഡംപ് സൈറ്റുകള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും.
സംസ്ഥാനത്ത് ആദ്യമായി പദ്ധതി പൂര്‍ത്തിയാക്കിയ മലപ്പുറം നഗരസഭയിലെ പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടാണ് സംസ്ഥാനതല പ്രഖ്യാപനത്തിന് വേദിയാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ പതിനൊന്നിന് രാവിലെ പത്ത് മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍മാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി. ഉബൈദുള്ള, കെ.എസ്.ഡബ്ല്യു.എം.പി സംസ്ഥാന ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ ബീന സണ്ണി ഉള്‍പ്പെടെ കാംപയിന് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം പുളിയേറ്റുമ്മല്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.
